ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞ് അഞ്ച് മരണം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അമിതവേഗതയിലെത്തിയ ട്രെയിലര്‍ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ജാര്‍ഖണ്ഡിലെ രാംഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പട്ടേല്‍ ചൗക്കിന് സമീപമുള്ള ഹൈവേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ അപകടം നടന്നത്. അഞ്ചു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ബ്രേക്ക് തകരാര്‍ മൂലം ട്രെയിലര്‍ ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Share
അഭിപ്രായം എഴുതാം