മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍ അവസാനിച്ച് ഇന്ത്യന്‍ ഓഹരി വിപണി. പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന ആര്‍.ബി.ഐയുടെ പ്രഖ്യാപനവും വിപണിയില്‍ പ്രതിഫലിച്ചു. നിഫ്റ്റി 17,600 കടന്നു.
സെന്‍സെക്സ് 460.06 പോയിന്റ് നേട്ടത്തില്‍ 58,926.03ലും നിഫ്റ്റി 142 പോയിന്റ് ഉയര്‍ന്ന് 17,605.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1565 ഓഹരികളുടെ വില ഇന്നലെ ഉയര്‍ന്നപ്പോള്‍ 1776 ഓഹരികളുടേത് താഴ്ന്നു. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന ആര്‍.ബി.ഐയുടെ പ്രഖ്യാപനവും അനുകൂല ആഗോള സൂചനകളുമാണ് സൂചികകള്‍ ഉയര്‍ന്നതിന് പ്രധാന കാരണം. ഇന്നലെ ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ ഐടി, ധനകാര്യ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
ഏഷ്യന്‍ പെയ്ന്റ്സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഡോ റെഡ്ഡീസ് ലാബ്സ്, എച്ച്.സി.എല്‍. ടെക്നോളജീസ്, എച്ച്.ഡി.എഫ്. സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.
മാരുതി സുസുകി, നെസ്ലെ, റിലയന്‍സ്, അള്‍ട്രാടെക് സിമന്റ്, ശ്രീ സിമെന്റ്സ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇ സ്മോള്‍കാപ്, മിഡ്കാപ് സൂചികകളും നേട്ടമുണ്ടാക്കി. ഐടി, ബാങ്ക്, പവര്‍, മെറ്റല്‍ സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു.

