മലപ്പുറം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ ബിരുദ, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ ടൈം കോഴ്‌സുകളില്‍ ബിരുദ-ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് ധനസഹായം ലഭിക്കും. അപേക്ഷ ഫോറം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 28 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04952 760509.




