റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

February 9, 2022 - 10:28 am

മലമ്പുഴ: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും ഫലം കണ്ടു. മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു(22) എന്ന യുവാവിനെ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട സാഹസിക രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് സൈന്യം ബാബുവിനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. മലയില്‍ കുടുങ്ങി 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സുരക്ഷാ ബെല്‍റ്റും ഹെല്‍മെറ്റ് ധരിപ്പിച്ചതിനു ശേഷം കയറില്‍ കെട്ടിയായിരുന്നു രക്ഷാപ്രവര്‍‌ത്തനം. 400 മീറ്ററോളമാണ് ഇത്തരത്തില്‍ കയറിലൂടെ ഉയര്‍ത്തിയത്. ഇന്ന് രാവിലെയാണ് കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററെത്തി ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിച്ചത്. കഴിഞ്ഞ 44 മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിക്കാനാവാത്ത നിലയിലായിരുന്നു ബാബു. കരസേനാ സംഘത്തിലൊരാള്‍ ബാബുവിന്റെ അടുത്തെത്തി ഭക്ഷണം കൈമാറുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിരുന്നു. താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു.

ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. ‌ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷർട്ടുയർത്തി അഭ്യർഥിച്ചു. യുവാവിനെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടര്‍ എത്തിയിരുന്നു. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവർത്തകർ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായി. ചെങ്കുത്തായ പാറകളാൽ നിബിഡമായ പ്രദേശത്ത് ഹെലികോപ്ടർ ലാന്റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമായിരുന്നില്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റര്‍ മടങ്ങി പോയത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *