റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സർക്കാർ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്ലാബ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

January 31, 2022 - 7:46 pm

*സ്ട്രോക്ക് ചികിത്സയ്ക്ക് സമഗ്ര സ്ട്രോക്ക് സെന്റർ
*4.16 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സമഗ്ര സ്ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സർക്കാർ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കുന്നത്. ഡി.എസ്.എ. ഉൾപ്പെടെയുള്ള റേഡിയോളജിക്കൽ വാസ്‌കുലാർ ആൻജിയോഗ്രാഫി സിസ്റ്റമാണ് കാത്ത് ലാബിൽ സജ്ജമാക്കുന്നത്. തലച്ചോറിൽ രക്തം കട്ട പിടിക്കുന്നത് ത്രോംബക്ടമിയിലൂടെ എടുത്തുകളയാൻ ഈ കാത്ത്ലാബ് സഹായിക്കും. ഹൃദയത്തിന് കാത്ത് പ്രൊസീജിയർ ചെയ്യുന്നത് പോലെ തലച്ചോറിലെ രക്തക്കുഴലുകൾ കാണാനും കട്ടപിടിച്ച രക്തത്തെ നീക്കം ചെയ്യാനും സാധിക്കും. കാത്ത്ലാബിനായി നേരത്തെ അനുവദിച്ച ഒരു കോടി രൂപയ്ക്ക് പുറമേയാണ് ഈ തുക അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ അത്യാഹിത വിഭാഗത്തോട് ചേർന്നാണ് സ്ട്രോക്ക് സെന്റർ സജ്ജമാക്കി വരുന്നത്. സ്ട്രോക്ക് ചികിത്സയ്ക്കാവശ്യമായ ഐ.സി.യു., കാത്ത് ലാബ്, സി.ടി. ആൻജിയോഗ്രാം എന്നിവയുൾപ്പെടുന്നതാണ് സമഗ്ര സ്ട്രോക്ക് സെന്റർ. കാത്ത്ലാബിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം 2.25 കോടി, കാത്ത് ലാബ് 5.16 കോടി, ന്യൂറോ ഐ.സി.യു. 97 ലക്ഷം, സി.ടി. ആൻജിയോഗ്രാം 4.4 കോടി എന്നിങ്ങനെ 12.78 കോടി രൂപയാണ് ആകെ അനുവദിച്ചത്. പുതിയ സ്ട്രോക്ക് സെന്റർ അത്യാഹിത വിഭാഗത്തിനടുത്തായതിനാൽ വളരെ പെട്ടെന്ന് രോഗികളെ സ്ട്രോക്ക് സെന്ററിലേക്ക് മാറ്റി എല്ലാ ചികിത്സയും നൽകാനാകും.

തലച്ചോറിന്റെ അറ്റാക്കായ (ബ്രെയിൻ അറ്റാക്ക്) സ്ട്രോക്ക് അഥവാ പക്ഷാഘാതം ബാധിച്ചവർക്ക് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കുന്ന സമഗ്ര സ്ട്രോക്ക് സെന്ററുകൾ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സ്ഥാപിച്ച് വരികയാണ്. ജില്ലാ, ജനറൽ ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് രക്തക്കുഴൽ അടയുകയോ പൊട്ടുകയോ ചെയ്യുന്നതിന്റെ ഫലമായാണ് സ്ട്രോക്ക് സംഭവിക്കുന്നത്.

വായ് കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ മരണം തന്നെ സംഭവിക്കും. സ്ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്. അതിനാൽ തൊട്ടടുത്തുള്ള സ്ട്രോക്ക് സെന്ററുകളിൽ മാത്രം പോകുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.ടി. സ്‌കാൻ, ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്ട്രോക്ക് സെന്ററുകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *