ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ സാമ്പത്തിക പാക്കേജ് അടക്കം പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റ് അടുത്ത മാസം ഒന്നിനു ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെയാണ് ബജറ്റ് അവതരണം. നിര്‍മല സീതാരാമന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ്. ഇത്തവണ ബജറ്റ് പൂര്‍ണമായും പേപ്പര്‍ രഹിതമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒന്നിനു രാവിലെ ഒന്‍പതിനു മന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനിലെത്തും. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പത്തോടെ പാര്‍ലമെന്റിലെത്തും. 10.15നു കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. പാര്‍ലമെന്റില്‍ 11 നാണ് ബജറ്റ് അവതരണം.



