അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

January 7, 2022 - 10:24 pm

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പൂർണ്ണമായും സർക്കാർ ധനസഹായത്താൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമായി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് ‘അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി’. അപകടമരണങ്ങൾക്കും പൂർണ്ണ അവശതയ്ക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

വിവിധ കാരണങ്ങളാൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ കഴിയുന്ന തരത്തിൽ ഇൻഷുറൻസ് കമ്പനികളുമായി അദാലത്ത് നടത്താൻ നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. തെക്കൻ ജില്ലകളിലെ അർഹരായവർക്ക് വേണ്ടി തിരുവനന്തപുരത്ത് വച്ചു ഡിസംബർ 28 ന് നടത്തിയ ഒന്നാം ഘട്ട അദാലത്തിൽ പരിഗണനയ്ക്ക് വന്ന 145 അപേക്ഷകളിൽ 89 എണ്ണവും തീർപ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളിൽ തീർപ്പാക്കുവാൻ നിർദ്ദേശം നൽകി. 8.50 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചത്.

ജനുവരി 15 ന് രാവിലെ 10 മണി മുതൽ കോഴിക്കോട് വരക്കൽ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വടക്കൻ മേഖലാ അദാലത്ത് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.  തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. അർഹരായ എല്ലാ മത്സ്യത്തൊഴിലാളികളും ഈ അവസരം വിനിയോഗിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *