എറണാകുളം: കൊച്ചിക്കുള്ളത് വികസന കാര്യങ്ങൾക്കായി ഏത് ത്യാഗവും സഹിച്ച ചരിത്രം : മന്ത്രി പി.രാജീവ്

എറണാകുളം: വികസന കാര്യങ്ങൾക്കു വേണ്ടി ഏത് ത്യാഗവും സഹിക്കാൻ തയാറായ ചരിത്രമുള്ള ഇടമാണ് കൊച്ചിയെന്ന് മന്ത്രി പി.രാജീവ്. കൊച്ചിയുടെ അടയാളമായി ലോകത്തിന്റെ മുമ്പിൽ എപ്പോഴും കാണിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡിനു വേണ്ടി സെമിത്തേരി വരെ വിട്ടു നൽകിയതാണ് കൊച്ചിയിലെ വിശ്വാസികൾ. ഇന്ന് ഇന്ത്യയിലെ ആദ്യത്തെ വിമാന വാഹിനിക്കപ്പൽ പ്രതിരോധസേനക്കുവേണ്ടി നിർമ്മിക്കുന്ന വിധത്തിൽ നക്ഷത്ര പദവിയോടുകൂടി തിളങ്ങി നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജനസമക്ഷം സിൽവർ ലൈൻ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

സാമൂഹ്യ സൂചനകളിൽ കേരളം വികസിത രാജ്യങ്ങളുമായി കിടപിടിക്കാവുന്ന മികവുള്ള  ഇടമാണ്. എന്നാൽ പശ്ചാത്തല സൗകര്യത്തിലും ഉല്പാദന മേഖലയിലും പിന്നോക്കാവസ്ഥയെ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. ആ മേഖലയും വികസിത മുതലാളിത്ത രാജ്യങ്ങളോടും സോഷ്യലിസ്റ്റ് രാജ്യങ്ങളോടും ഒപ്പം എത്തിക്കുന്നതിനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗം തന്നെയാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ ഏറ്റവും നേട്ടം വരാൻ പോകുന്നത് എറണാകുളം ജില്ലയിലാണ്. ഇവിടെ നിന്നും വടക്കോട്ടും തെക്കോട്ടും രണ്ട് മണിക്കൂർ വേണ്ട എന്നുള്ളതാണ് നമ്മുടെ നേട്ടം. ആ വലിയൊരു നേട്ടം നമ്മുടെ വ്യവസായ മേഖലക്കും വാണിജ്യ മേഖലക്കും ടൂറിസം മേഖലക്കും കൊച്ചിക്കാകെ ഉണർവ് നൽകാൻ സഹായമാകുന്നതാണെന്നും പി. രാജീവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →