ഇന്‍ഡോര്‍: 71-ാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍-പെണ്‍ വിഭാഗത്തില്‍ കേരളത്തിനു തോല്‍വി. ആണ്‍കുട്ടികള്‍ ഡല്‍ഹിയോടും പെണ്‍കുട്ടികള്‍ രാജസ്ഥാനോടും പരാജയപ്പെട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജസ്ഥാനും പെണ്‍കുട്ടികളില്‍ പഞ്ചാബിനും തുടര്‍ച്ചയായ രണ്ടാം ജയം. കര്‍ണാടകത്തിന്റെ വെല്ലുവിളി മറികടന്നാണു രാജസ്ഥാന്‍ ആണ്‍കുട്ടികള്‍ വിജയതീരമണഞ്ഞത്. സ്‌കോര്‍: 90-82.
ലെവല്‍ വണ്‍ ഗ്രൂപ്പ് എയില്‍ ഡല്‍ഹിയോടാണു കേരളം തോറ്റത്. 62 ന് എതിരേ 53 പോയിന്റിനായിരുന്നു കേരളത്തിന്റെ തോല്‍വി. ചാമ്പ്യന്‍ഷിപ്പില്‍ ഡല്‍ഹിയുടെ രണ്ടാം ജയമാണിത്. പഞ്ചാബ് 73-58 ന് മഹാരാഷ്ട്രയെ മറികടന്നപ്പോള്‍ ഉത്തര്‍പ്രദേശ് ആതിഥേയരായ മധ്യപ്രദേശിനെ കീഴ്പ്പെടുത്തി. സ്‌കോര്‍: 95-76. പെണ്‍കുട്ടികളില്‍ രാജസ്ഥാനു മുന്നിലാണു നിലവിലെ ജേതാക്കളായ കേരളത്തിന് അടിപതറിയത്. 53-62 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ തോല്‍വി. 78-62 ന് രാജസ്ഥാനെ കീഴടക്കി പഞ്ചാബ് രണ്ടാം ജയം നേടി.ഹരിയാനയെ 94-31 നു തറപറ്റിച്ച് തമിഴ്നാടും രണ്ടാം മത്സരം കീശയിലാക്കി. മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര ഗുജറാത്തിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 83-60.