ചണ്ഡീഗഡ്: ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഖനിമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി.പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തോഷം ബ്ലോക്കിലെ ദാദം ഖനന മേഖലയില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. 15-20 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ചു വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. മണ്ണും ഭീമന്‍ കല്ലുകളും അടക്കമാണ് ഇടിഞ്ഞുവീണത്. രക്ഷപ്പെടാനുള്ള സാവകാശം പലര്‍ക്കും ലഭിച്ചില്ല. തൊഴിലാളികള്‍ക്കൊപ്പം 10-12 വാഹനങ്ങളും മണ്ണിനടിയിലുണ്ടെന്നാണ് അനുമാനം. ഇവയില്‍ തൊഴിലാളികളുണ്ടെങ്കില്‍ കൂടുതല്‍ ആള്‍നാശത്തിനു കാരണമായേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരു െസെറ്റില്‍നിന്നു മറ്റൊരിടത്തേക്കു പോയ തൊഴിലാളികളാണ് മണ്ണിടിച്ചിലില്‍ കുടുങ്ങിയതെന്നു ഖനി കരാറുകാരന്‍ പറഞ്ഞു. ഇവര്‍ മുന്നോ നാലോ പേരേ ഉണ്ടാകൂവെന്നാണ് ഇയാളുടെ വിശദീകരണം. അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണു ദുരന്തം. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ രക്ഷാദാൗത്യം പുരോഗമിക്കുകയാണ്.