റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: ഉപരാഷ്ട്രപതി ജനുവരി മൂന്നിന് ജില്ലയിൽ

January 1, 2022 - 8:22 pm

കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് ജില്ലയിലെത്തും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ രാവിലെ 9.45ന് ആർപ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന രാഷ്ട്രപതിയെ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., ദക്ഷിണ മേഖല ഐ.ജി. ഹർഷിത അട്ടല്ലൂരി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി. സുനിൽകുമാർ, സി.എം.ഐ. കോൺഗ്രിഗേഷൻ ജനറൽ കൗൺസിലർ ഫാ. ബിജു വടക്കേൽ സി.എം.ഐ. എന്നിവർ ചേർന്ന് സ്വീകരിക്കും. 

തുടർന്ന് റോഡു മാർഗേണ രാവിലെ 9.55ന് മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെത്തും. തുടർന്ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഖബറിടത്തിൽ പുഷ്പാർച്ചന നടത്തും. 10ന് സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, സി.എം.സി. സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ്, ഫാ. സെബാസ്റ്റിയൻ ചാമത്തറ എന്നിവർ പങ്കെടുക്കും. തുടർന്ന് 11.15ന് റോഡു മാർഗേണ ആർപ്പൂക്കര കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ ഹെലിപ്പാടിൽ എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്ടറിൽ കൊച്ചിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മാന്നാനത്ത് ഉദ്യോഗസ്ഥതല യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി. ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടവർ രാവിലെ ഒമ്പതിനകം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിലെ വേദിയിലെത്തണം. പങ്കെടുക്കുന്നവർ കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും എൻ 95 മാസ്‌ക്ക് നിർബന്ധമായും ധരിക്കണമെന്നും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മൊബൈൽഫോൺ, കുടിവെള്ളക്കുപ്പികൾ, ബാഗ് അടക്കമുള്ള വസ്തുക്കൾ ഒഴിവാക്കാൻ ചടങ്ങിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കണമെന്നും ഉപരാഷ്ട്രപതി സഞ്ചരിക്കുന്ന മെഡിക്കൽകോളജ്-മാന്നാനം റൂട്ടിൽ അന്നേദിവസം ഉച്ചവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. സബ് കളക്ടർ രാജീവ് കുമാർ ചൗധരി, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശേരി, എ.ഡി.എം. ജിനു പുന്നൂസ്, വിവിധ വകുപ്പ് ജില്ലാ മേധാവികൾ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *