ന്യൂഡൽഹി: ഒമിക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകീ ബാത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഒമിക്രോണിനെ നേരിടാനുള്ള തയാറെടുപ്പുകളാണ് സർക്കാർ നടത്തുന്നതെന്നും കോവിഡിന്റെ പുതിയ വകഭേദത്തെ കീഴടക്കുക ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്നതിനാലാണ് മഹാമാരിയെ നേരിടാനായതെന്നും 140 കോടി വാക്സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂനൂർ അപകടത്തിൽ മരിച്ചവരെ പ്രധാനമന്ത്രി ആദരിച്ചു. ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച(25/12/21) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ആകെ 13 കോടി പേർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. മൂന്നു കോടി ആരോഗ്യ പ്രവർത്തകർക്കും 60 വയസിന് മുകളിലുള്ള പത്ത് കോടി പേർക്കും ഡോസ് ലഭിക്കുമെന്ന് പ്രധാനമന്ത്രി ഞായറാഴ്ച അറിയിച്ചു. രാജ്യത്ത് പതിനഞ്ച് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ അനുവദിക്കുന്നതായി ശനിയാഴ്ച അറിയിച്ചിരുന്നു. 15 നും 18 നും ഇടയിലുള്ള 7.4 കോടി കുട്ടികൾക്കാണ് വാക്സിൻ ലഭിക്കുകയെന്നും പറഞ്ഞു.
കൊറോണ വൈറസിന്റെ ജനിതക മാറ്റം വന്ന വകഭേദങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പകർച്ചവ്യാധി രഹിത ലോകമാവണം എന്ന് ആഗ്രഹിക്കുമ്പോൾ വീണ്ടും വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവസാനമായി കണ്ടെത്തിയ ഒമിക്രോൺ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചർച്ച. എന്നാൽ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വർദ്ധിപ്പിച്ച് കൊണ്ട് ഡെൽമിക്രോൺ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളുടെ സംയോജനമാണ് ഡെൽമിക്രോൺ എന്നാണ് പഠനങ്ങൾ പറയുന്നത്. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ സുനാമി പോലെ ആഞ്ഞടിച്ച് കൊണ്ടിരിക്കുകയാണ്. ഡെൽറ്റ വേരിയന്റിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഒമിക്രോൺ. ഇതിന് അതിവ്യാപന ശേഷിയുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡിന്റെ ഡബിൾ വേരിയന്റാണ് ഡെൽമിക്രോൺ. ഡെൽറ്റ വേരിയന്റും ഒമിക്രോൺ വേരിയന്റും ഒരുമിച്ച് ചേരുന്നത് കൊണ്ടാണ് ഇത്തരത്തിൽ ഡെൽമിക്രോൺ എന്ന പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.



