കട്ടപ്പന : കട്ടപ്പന ജെപിഎം കോളേജിൽ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി ആരോപണം. കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് സംഭവം. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുകയും, പരാതി നൽകിയപ്പോൾ വഴിയിലിട്ട് മർദ്ദിച്ചതായും ആണ് പരാതി. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ നന്ദുവിന് നേരെയാണ് അതിക്രമം. പരാതി ഒതുക്കിതീർക്കാൻ കോളേജ് അധികൃതർ ശ്രമിച്ചതായും ആരോപണമുണ്ട്
കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ സീനിയർ വിദ്യാർത്ഥികൾ നന്ദു ഉൾപ്പെടുയുള്ളവരെ റാഗ് ചെയ്തെന്നാണ് ആരോപണം. ഉടനെ കോളേജ് അധികൃതർക്ക് ജൂനിയർ വിദ്യാർത്ഥികൾ പരാതി നൽകി. ഇതിൽ പ്രകോപിതരായ സീനിയർ വിദ്യാർത്ഥികൾ ഇവരെ കാമ്പസിലിട്ട് ആക്രമിച്ചു.
പൊലീസിനെ വിളിച്ചുവരുത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. അവിടെയും തീർന്നില്ല. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നന്ദുവിനെ ബൈക്ക് തടഞ്ഞുനിർത്തി ഇരുപതോളം പേർ മർദ്ദിച്ചു. അക്രമി സംഘത്തിൽ കോളേജിന് പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നു.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ നന്ദു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നന്ദുവിന്റെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കോളേജിന് അകത്ത് നടന്ന പ്രശ്നം പറഞ്ഞു തീർത്തിരുന്നെന്നും പുറത്തെ സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ജെപിഎം കോളേജ് അധികൃതരുടെ വിശദീകരണം

