ന്യൂഡൽഹി: കേരളം ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. അതേസമയം, ദില്ലിയിൽ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം രാജ്യത്ത് ഇതുവരെ 33 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടരയ്ക്ക് അവലോകന യോഗം ചേരും.
അഞ്ച് സംസ്ഥാനങ്ങളിലായി 33 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാൻ, ദില്ലി, ഗുജറാത്ത്, കർണാടകം എന്നിവിടങ്ങളിലാണ് ഒമിക്രോൺ കണ്ടെത്തിയത്. രാജ്യത്തെ ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ ശനിയാഴ്ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം വി കെ പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.



