കട്ടപ്പന : ബ്ലോക്ക് റിസോർസ് സെന്ററിലെ ഉദ്യോഗസ്ഥരെ നഗരസഭ സെക്രട്ടറി അപമാനിച്ചതായി പരാതി. സെക്രട്ടറിയുടെ നിലപാടിനെതിരെ കെ.എസ് ടി.എ നഗരസഭ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുളള പരിപാടികൾ നടത്തുന്നതിലേക്കായി 2021 ഡിസംബർ 3 ന് മുനിസിപ്പാലിറ്റിയുടെ കോൺഫറൻസ് ഹാൾ നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായി എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
ആരെങ്കിലും എന്തെങ്കിലും കഥകളിക്കായി വരുന്നവർക്കെല്ലാം കോൺഫറൻസ് ഹാൾ നൽകാൻ കഴിയില്ലെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണമെന്ന് എഫ് എസ് ഇ ടി ഒ പ്രവർത്തകർ പറഞ്ഞു. തങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും സ്വന്തം ആവശ്യത്തിനല്ല ഹാൾ ആവശ്യപ്പെടുന്നതെന്നും പറഞ്ഞപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞതായി പ്രവർത്തകർ പറഞ്ഞു.
എന്നാൽ എന്തെങ്കിലും കഥകളിക്കായി വരുന്നവർക്കെല്ലാം ഹാൾ കൊടുക്കാൻ കഴിയില്ലെന്ന് തമാശ രൂപത്തിൽ പറഞ്ഞതാണെന്നും, പ്ലാൻഫണ്ടിൽ നിന്ന് ഇതിനു മുമ്പ് ഇതേ ആവശ്യത്തിനായി 15 ലക്ഷം രൂപ നൽകിയിരുന്നതാണെന്നും സെക്രട്ടറി പറഞ്ഞു. ഇറക്കി വിടുകയായിരുന്നില്ല പകരം ചെയർമാനെ കാണാൻ പറഞ്ഞുവിടുകയായിരുന്നുവെന്നും സെക്രട്ടറി വ്യക്തമാക്കി.
എഫ് എസ് ഇ ടി ഒ പ്രവർത്തകരായ എം.എ സുരേഷ്, എംബി ഗിരിജാകുമാരി, മുജീബ്‌റമാൻ, ഇകെ ഷാജി, ദീപു ജോൺ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.



