മുംബൈ: ഡിജിറ്റല്‍ പേയ്മെന്റ് സേവന ദാതാവായ പേടിഎമ്മിന്റെ വരുമാനത്തില്‍ വര്‍ധന. സേവനങ്ങളില്‍നിന്നുള്ള വരുമാനം 64 ശതമാനമാണു കൂടിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ അറ്റനഷ്ടവും കൂടി. 11 ശതമാനത്തിന്റെ വര്‍ധനയാണ് അറ്റനഷ്ടത്തില്‍ രേഖപ്പെടുത്തിയത്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പുറത്തുവിട്ട കണക്കനുസരിച്ച് ജൂലൈ സെപ്റ്റംബര്‍ രണ്ടാം പാദത്തില്‍ നഷ്ടം 482 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 437 കോടി രൂപയായിരുന്നു നഷ്ടം. ജൂണില്‍ അവസാനിച്ച ആദ്യപാദത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 28 ശതമാനം വര്‍ധനയാണ് രണ്ടാംപാദത്തിലുണ്ടായത്. അറ്റനഷ്ടം തിരിച്ചടിയാണെങ്കിലും വരുമാനത്തിലെ വര്‍ധന കമ്പനിക്ക് ആത്മവിശ്വാസം പകരുന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ അക്കൗണ്ടിലെത്തിയത് 1,086 കോടി രൂപയാണ്. ഒരുവര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 664 കോടി രൂപ മാത്രമായിരുന്നു. ഒരുവര്‍ഷത്തെ ഇടവേളയിലാണ് വരുമാനം ഈവിധത്തില്‍ കുതിച്ചുകയറിയത്.
ക്ലൗഡ് സേവന, വാണിജ്യ മേഖലകളില്‍നിന്നുള്ള വരുമാനം രണ്ടാം പാദത്തില്‍ ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ പാദത്തിലേതിനേക്കാള്‍ 47 ശതമാനം വര്‍ധിച്ച് 243.8 കോടി രൂപയിലെത്തി. ആകെ വരുമാനത്തില്‍ 842.6 കോടി രൂപയുടെ സംഭാവന സാമ്പത്തിക സേവനങ്ങളില്‍നിന്നാണ്. 69 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായത്. കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തനച്ചെലവും വര്‍ധിച്ചു. 1,170 കോടി രൂപയായിരുന്ന ചെലവ് 1,600 കോടി രൂപയായാണ് ഉയര്‍ന്നത്.