റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൈവവൈവിധ്യ പുരസ്‌കാര ജേതാക്കളായി പിലിക്കോടും കിനാനൂര്‍ കരിന്തളവും

November 27, 2021 - 8:36 pm

കാസര്‍കോട്: ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കാസര്‍കോട് ജില്ലയ്ക്ക്.  ഒന്നാം സ്ഥാനം പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകാ ജൈവപരിപാലന സമിതിക്കും മൂന്നാം സ്ഥാനം കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിക്കുമാണ്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പിലിക്കോട് പഞ്ചായത്തില്‍ നിന്ന് വൈസ് പ്രസിഡന്റ് എ. കൃഷ്ണന്‍, ബി.എം.സി. കണ്‍വീനര്‍ എം.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കിനാനൂര്‍ പഞ്ചായത്തില്‍ നിന്ന് പ്രസിഡന്റ് ടി.കെ.രവി, പഞ്ചായത്ത് സെക്രട്ടറി എന്‍.മനോജ് എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഒന്നാം സ്ഥാനത്തിന്  ഒരു ലക്ഷം രൂപയും മൂന്നാം സ്ഥനത്തിന് 25000 രൂപയുമാണ് സമ്മാനത്തുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

പൈതൃകത്തിലൂന്നി പിലിക്കോട് മാതൃക

വേറിട്ട ജനക്ഷേമ മാതൃകകള്‍  സൃഷ്ടിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ച പിലിക്കോടിന്റെ ജൈവവൈവിധ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാനത്തെ  മികച്ച ജൈവപരിപാലന സമിതിക്കുള്ള അവാര്‍ഡ്. നാടിന്റെ പച്ചപ്പിനെ തിരിച്ചുപിടിക്കാന്‍ പിലിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൈതൃകം നാട്ട്മാവ് പദ്ധതി, പൈതൃകം വിത്തു ഉത്സവം, വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ജൈവതാളം പദ്ധതി,  ജൈവ വൈവിധ രജിസ്റ്റര്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നത്.

നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകളേയും മാമ്പഴപ്പെരുമയേയും നില നിര്‍ത്താനായി ആവിഷ്‌കരിച്ച പൈതൃകം നാട്ട്മാവ് പദ്ധതിയും അതിനോട് അനുബന്ധിച്ച്  നാട്ടു മാമ്പഴഫെസ്റ്റും നൂതന കാല്‍വെപ്പായിരുന്നു. ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയ എഡിഎസ് 450 ഓളം നാടന്‍ മാവിന്‍ തൈകള്‍ ഉണ്ടാക്കുന്ന ഒരു നഴ്സറിയും നിര്‍മ്മിച്ചു.  നാടന്‍ വാഴയിനങ്ങളെ സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച പൈതൃകം നാട്ട് വാഴ പദ്ധതിയും ജനങ്ങള്‍ ഏറ്റെടുത്തു.

 പഞ്ചായത്തിലെ 13 പാടശേഖരസമിതികള്‍ വഴി 40 ഇനം നാടന്‍ നെല്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനും അവ കൃഷി ചെയ്യുന്നതിനുമായി നടപ്പാക്കിയ പൈതൃകം വിത്തു ഉത്സവം, ഹൈബ്രിഡ് നെല്ല് വിത്തുകള്‍ക്ക് പകരം നാടന്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനായി ബി എം സി വഴി പ്രാവര്‍ത്തികമാക്കുന്ന മറ്റൊരു കാര്‍ഷീക പദ്ധതിയാണ് പൈതൃകം നെല്ല് വിത്ത് ഗ്രാമം. പഞ്ചായത്തിനകത്തും പുറത്തുമുള്ള 45 ഇനം നാടന്‍ നെല്ല് വിത്തിനങ്ങള്‍ പിലിക്കോട് ഇന്ന് സംരക്ഷിച്ചു വരുന്നു. 75 നാടന്‍ നെല്‍വിത്ത് ഇനങ്ങള്‍  സംരക്ഷിക്കാനാണ് ബി എം സി ലക്ഷ്യമിടുന്നത്. പിലിക്കോടിനെ പൈതൃക നെല്‍വിത്ത് ഗ്രാമമായി കഴിഞ്ഞവര്‍ഷം തന്നെ കൃഷി മന്ത്രി പ്രഖ്യാപിച്ചിരുന്നു.

ജൈവതാളം എന്ന പേരില്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ ബി എം സി കള്‍ ജൈവോദ്യാനം, ജൈവ വൈവിധ രജിസ്റ്റര്‍, വിദ്യാലയ കോമ്പോണ്ടില്‍ ഔഷധതോട്ടം എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഒമ്പതോളം  കാവുകള്‍ സംരക്ഷിക്കുന്നതിനും ബി എം സിയുടെയും കാരണവ കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്.

ജലസംരക്ഷണത്തിലൂന്നി കരിന്തളം മാതൃക

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ജൈവവൈവിധ്യത്തെ വീണ്ടെടുക്കാന്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതിക്കാണ് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം. ഇടനാടന്‍ ചെങ്കല്‍ ഭൂമികളിലെ സീസണലായ ഉപരിതല ജലാശയങ്ങളായ പള്ളങ്ങള്‍, പാറകുളങ്ങള്‍ എന്നിവയുടെ കൈയേറ്റം തടയാനും സംരക്ഷിക്കുവാനും നടത്തിയ ബോധവത്ക്കരണ പരിപാടികള്‍ ശ്രദ്ധേയമാണ്.  കാലിച്ചാമരം വലിയപള്ളം സംരക്ഷണത്തിനു ജനകീയ സമിതി രൂപീകരിക്കുകയും പള്ളം ഭൂമി സ്വകാര്യവ്യക്തികള്‍ക്കു പതിച്ചു നല്‍കിയ നടപടി പിന്‍വലിക്കുക യും പട്ടയങ്ങള്‍ റദ്ദു ചെയ്യാന്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. പള്ളങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങളും കയ്യേറ്റങ്ങളും തടഞ്ഞു. കാവുകളുടെ സംരക്ഷണത്തിനായി സ്‌കൂള്‍ ജൈവവൈവിധ്യക്ലബ്ബുകളുടെ സേവനം പ്രയോജനപ്പെടുത്തി. തലയടുക്കം ഖനന ഭൂമി മാലിന്യമുക്തമാക്കി പ്രകൃതിദത്ത ജലസംഭരണിയൊരുക്കി. ഉപയോഗശൂന്യമായ ക്വാറിയില്‍ മത്സ്യക്കൃഷി,കയര്‍ ഡീ ഫൈബറിംഗ് യൂണിറ്റ്,പഞ്ചായത്തിലെ 15 ഏക്കര്‍ തരിശ് ഭൂമിയില്‍ നാടന്‍ നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് നെല്‍കൃഷി നടത്തുകയും കര്‍ഷകരില്‍ നിന്നും നെല്ലുശേഖരിച്ച് കെ കെ റൈസ് എന്ന പേരില്‍ അരി ബ്രാന്‍ഡു ചെയ്തു വിപണിയിലെത്തിച്ചത് ഉള്‍പ്പെടെയുള്ള വേറിട്ട പ്രവര്‍ത്തനങ്ങളും ബി എം സി യുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *