കൊടുങ്ങല്ലൂർ: എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനും പ്രവാസിയുമായ കെ.യു ഇക്ബാൽ (58) ജിദ്ദയിൽ അന്തരിച്ചു. അരാകുളം കിണറ്റിങ്കൽ ഉമർകുഞ്ഞിന്റെയും ഖദീജയുടെയും മകനാണ്. ലുക്കീമിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ജിദ്ദ നാഷണൽ ആശുപത്രിയിലും തുടർന്ന് കിംഗ് ഫഹദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.2021 നവംബർ 18 വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ ജീവിതകഥ പറഞ്ഞ ‘ഗദ്ദാമ’ എന്ന ഹിറ്റ് സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു.
മാതൃഭൂമി, മലയാളം ന്യൂസ് തുടങ്ങിയ ദിനപത്രങ്ങളുടെ സൗദിയിലെ റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുള്ള ഇക്ബാൽ നിരവധി പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു. ‘നടുക്കണ്ടങ്ങൾ’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിദ്ദയിലെയും പിന്നീട് റിയാദിലെയും മലയാളി കൂട്ടായ്മയിൽ ദീർഘകാലം കലാ, സാമൂഹ്യ, സാഹിത്യ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്നു.ഭാര്യ : റസീന. മക്കൾ: നഈം, അഹമ്മദ് അസദ് (വിദ്യാർത്ഥികൾ).കൊടുങ്ങല്ലൂരിലെ കാവ്യമണ്ഡലം എന്ന സംഘടനയുടെ ആദ്യ ചെയർമാനായിരുന്നു.സംസ്കാരം പിന്നീട്.