കോട്ടയം : 2021 നവംബര്‍ 9 ചൊവ്വാഴ്‌ചമുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റി വച്ചു.സമരം ഒത്തുതീര്‍പ്പാക്കാന്‍ ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനയുമായി മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. നാട്ടകം ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നവംബര്‍ 18നകം തീരുമാനമെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ തുടരും. വിദ്യാര്‍ത്ഥികളുടെയടക്കം ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സംഘടന സമരം പ്രഖ്യാപിച്ചിരുന്നത്.
ചില നടപടിക്രമങ്ങളുടെ ആവശ്യകതയുണ്ടെന്ന് ചര്‍ച്ചയില്‍ മനസിലായതായും , സര്‍ക്കാര്‍ നിലപാട് അനുകൂലമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നുമാണ് സമരം നീട്ടിവയ്‌ക്കാന്‍ തീരുമാനിച്ചതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. സംഘടനാ പ്രതിനിധികളായ ടി ഗോപിനാഥന്‍, ഗോഗുലം ഗോഗുല്‍ദാസ്, ലോറന്‍സ് ബാബു, ജോണ്‍സണ്‍ഡ പയ്യപ്പളളി , സിഎം.ജയാനന്ദ്, ബാബുരാജ്,ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍ എഐഷംസുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



