പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസിലെ പ്രതി അയൽവാസിയായ രാജേന്ദ്രൻ അഞ്ചു വർഷത്തിനുശേഷം പിടിയിലായി. രാജേന്ദ്രനുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കണ്ണുക്കുറിശ്ശിയിലെ കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
കനത്ത സുരക്ഷയിലാണ് രാജേന്ദ്രനെ കണ്ണുക്കുറിശ്ശിയിൽ തെളിവെടുപ്പിനെത്തിച്ചത്. കൊല നടത്തിയതെങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ആയുധങ്ങൾ കണ്ടെടുത്ത കിണറും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ മോഷണത്തിനായാണ് ക്രൂരമായ കൊല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൊലപാതകത്തിന് രാജേന്ദ്രന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
2016 നവംബർ 14 നാണ് വൃദ്ധ ദമ്പതികളായ ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയേയും രാജേന്ദ്രൻ വെട്ടി കൊലപ്പെടുത്തിയത്. ഗോപാലകൃഷണന്റെ ശരീരത്തിൽ 80- ഉം തങ്കമണിയുടെ ശരീരത്തിൽ 40 ഉം വെട്ടുകളാണ് ഉണ്ടായിരുന്നത്. ലോക്കൽ പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം വിട്ടത്. തുടർന്നാണ് അഞ്ചു വർഷത്തിന് ശേഷം അയൽവാസിയായ രാജേന്ദ്രൻ പിടിയിലായത്. പ്രതി ജോലി ചെയ്തിരുന്ന ചെന്നൈയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നുണ്ട്.
മക്കൾ രണ്ടു പേരും ചെന്നൈയിലും അമേരിക്കയിലുമായതിനാൽ ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൈദ്യുതി വിച്ഛേദിച്ച ശേഷം വീടിന്റെ ഓടുമാറ്റി അകത്ത് കയറിയായിരുന്നു രാജേന്ദ്രൻ ക്രൂര കൃത്യം നടത്തിയത്. വീട്ടിൽ നിന്നും തങ്കമ്മയുടെ ആറരപ്പവൻ വരുന്ന സ്വർണവും, നാലായിരം രൂപയും പ്രതി മോഷ്ടിച്ചിരുന്നു. അഞ്ചുമാസം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും പ്രതിയിലേക്കെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതി പ്രക്ഷോഭമാരംഭിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കൊലപാതകത്തിന് ശേഷം പ്രതി നാടുവിടുകയും ചെയ്തു.
അന്വേഷണ ചുമതല ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്തിനടുത്ത് വീടെടുത്ത് രഹസ്യമായി താമസിച്ചാണ് അന്വേഷണം നടത്തിയത്. രണ്ടായിരത്തിലേറെപ്പേരുടെ മൊഴിയെടുത്തു. ഫോൺ രേഖകൾ, ഫിംഗർ പ്രിന്റ് അടക്കം പരിശോധിച്ചു. ചെന്നൈയിലും നാട്ടിലുമായി താമസിച്ചിരുന്ന പ്രതിയെ വിളിച്ചു വരുത്തി പലതവണ മൊഴിയെടുത്തു. ഇടവേളകളിലെടുത്ത മൊഴിയിലെ വൈരുധ്യമാണ് രാജേന്ദ്രനെ കുടുക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു