മോദിയുടെ റാലിക്കിടെ നടന്ന സ്ഫോടന പരമ്പര: നാലു പ്രതികള്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ 2013ലെ റാലിക്കിടെ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. മറ്റ് രണ്ടു പേരെ ജീവപര്യന്തം തടവിനും രണ്ടു പേരെ പത്തുവര്‍ഷം തടവിനും കോടതി ശിക്ഷിച്ചു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെന്ന് പോലിസ് പറയുന്ന ഒമ്പതു പേരെയും ഒരു സിമി പ്രവര്‍ത്തകനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തത്. നുമാന്‍ അന്‍സാരി, ഹൈദര്‍, മുഹമ്മദ് മുജീബുള്ള അന്‍സാരി, ഉമര്‍ സിദ്ധിഖി, അസറുദ്ദീന്‍ ഖുറേഷി, അഹമ്മദ് ഹുസൈന്‍, ഫക്രുദ്ദീന്‍, മൊഹമ്മദ് ഇഫ്തിക്കര്‍ ആലം എന്നിവര്‍ക്ക് പുറമെ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പ്രതികളായിരുന്നത്. 2017 ഒക്ടോബര്‍ 12 ന് പ്രായപൂര്‍ത്തിയാകാത്തയാളെ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷിച്ചിരുന്നു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പട്നയില്‍ നടത്തിയ റാലിക്കിടെയാണ് സ്ഫോടനങ്ങളുണ്ടായത്. അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമായി ആറു പേര്‍ മരിച്ചിരുന്നു. കേസില്‍ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒമ്പതു പേരെയും കോടതി ശിക്ഷിച്ചു. ഒരാള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയാണ് ലഭിച്ചത്. മോദിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച ഹങ്കര്‍ റാലിക്കിടെയാണ് പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് സ്ഫോടനങ്ങള്‍ അരങ്ങേറിയത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന റാലി ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് സ്ഫോടനമുണ്ടായത്. മോദി പ്രസംഗിച്ച വേദിയില്‍ നിന്നും 150 മീറ്റര്‍ ദൂരെയാണ് രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. എന്നാല്‍ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ നാല് ബോംബുകള്‍ കൂടി കണ്ടെത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം