കൊക്കയിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലെ ആമസോൺ വ്യൂപോയന്റ് കാണാൻ പോയ സംഘത്തിൽപെട്ട ഒരാൾ കൊക്കയിൽ വീണുണ്ടായ അപകടത്തിൽ മരിച്ചു. മലപ്പുറം ചെറുകുളമ്പിലെ തോട്ടോളി ലത്തീഫിന്റെ മകൻ റഹ്മാൻ (19) ആണ് മരിച്ചത്. നിലമ്പൂർ രാമംകുത്ത് സ്വദേശി അക്ഷയ് (18) ന് പരുക്കേറ്റു. 2021 ഒക്‌ടോബർ 31 ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. സാരമായി പരുക്കേറ്റ അക്ഷയ്‌നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

കൊളപ്പാടൻ മലയിലെ മൂന്നുകല്ലിനടുത്ത ആമസോൺ വ്യൂ പോയിന്റിന് പോകുന്ന വഴി ഏലൻകല്ലിൽ വെച്ചാണ് അപകടം. ചട്ടിപ്പറമ്പിൽ നിന്നെത്തിയ എട്ടംഗ സംഘത്തിലായിരുന്നു റഹ്മാൻ. നിലമ്പൂരിൽ നിന്നുള്ള സംഘത്തിലായിരുന്നു അക്ഷയ്. റഹ്മാനും കൂട്ടുകാരൻ മലപ്പുറം സ്വദേശി ദിൽകുഷും പാറയിൽ നിന്ന് വഴുതി വീണതായി പറയുന്നു. ദിൽകുഷിനെ കൂടെയുണ്ടായിരുന്ന അക്ഷയ് രക്ഷപ്പെടുത്തിയെങ്കിലും തുടർന്ന് റഹ്മാനെയും അക്ഷയ് രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു.

അഗ്നി രക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തിരിച്ചിലിൽ രാത്രി ഏഴരയോടെ ഇരുവരേയും കണ്ടെത്തി എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും റഹ്മാനെ രക്ഷിക്കാനായില്ല.

Share
അഭിപ്രായം എഴുതാം