ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിപ്പ് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആഷിഷ് മിശ്രയ്ക്ക് ഡെങ്കിബാധയെന്ന് സംശയം. ആശിഷിന്റെ സാംപിള്‍ പരിശോധനക്കയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂര്‍ ഖേരി ജില്ലാ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ആഷിഷ് മിശ്രയ്ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്ന് ഇതുവരെയും ഉറപ്പിച്ചിട്ടില്ലെന്ന് ലഖിംപൂര്‍ ജയില്‍ സൂപ്രണ്ട് പറഞ്ഞു. വെള്ളിയാഴ്ചയാണ് സാംപിള്‍ പരിശോധനക്കയച്ചത്. റിപോര്‍ട്ട് വന്നശേഷമേ അതേകുറിച്ച് എന്തെങ്കിലും പറയാനാവൂ എന്നും ജയിലധികാരികള്‍ പറഞ്ഞു.



