ഇടുക്കി: ശാന്‍മ്പാറ തൊട്ടിക്കാനത്ത് മോഷണത്തിനായി അടുക്കളവാതില്‍ തുറന്ന് വീടിനകത്തുകയറിയ കളളന്‍ അടുപ്പിന് സമീപത്തുവച്ചിരുന്ന മീന്‍കറിയും കപ്പ പുഴുങ്ങിയതും കഴിച്ച് മടങ്ങി, തൊട്ടിക്കാനം സ്വദേശി ബെന്നി ജോസഫിന്റെ വീട്ടില്‍ കയറിയ മോഷ്ടാവാണ് വയറ് നിറച്ച ശേഷം മോഷണം നടത്താതെ മടങ്ങിയത്.
പുലര്‍ച്ചെ മൂന്നരയോടെ അടുക്കളയില്‍ നിന്ന് പാത്രം നിലത്തുവീണ ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ടതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു. മീന്‍കറി വച്ച കലത്തിലേക്ക് കപ്പപ്പുഴുക്ക് അപ്പാടെ കമഴ്‌ത്തിയ ശേഷമാണ് തിന്നുതീര്‍ത്തത്. അതേദിവസം തന്നെ മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. അതോടെ മോഷ്‌ടാവ് സ്ഥലം വിടുകയായിരുന്നു. ഇവരുടെ പരാതിയില്‍ പോലീസ് സ്ഥലത്തത്തി പരിശോധന നടത്തി.



