തിരുവനന്തപുരം ∙ ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്‌ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ പലഭാഗത്തായി പൊലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ടു മികച്ച നേട്ടമാണു കൈവരിച്ചത്. വിരലിൽ എണ്ണാവുന്ന സ്റ്റേഷനുകൾക്കു മാത്രമാണു സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിർമിക്കും. മാതൃകാപരമായ പ്രവർത്തനം വഴി ജനസേവനത്തിന്റെ പ്രത്യേകമുഖം ആകാൻ പൊലീസിനു കഴിഞ്ഞു. ജനങ്ങളെ സേവിക്കുന്നതിൽ മറ്റാരെക്കാളും മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പൊലീസ് സേനയ്ക്കായി. മുഖ്യമന്ത്രി പറഞ്ഞു.
പൂജപ്പുര, വിഴിഞ്ഞം, കോട്ടയം ഈസ്റ്റ്, കുമരകം, കുറവിലങ്ങാട്, ഗാന്ധിനഗർ, കറുകച്ചാൽ, തൃശൂർ വെസ്റ്റ് പേരാമംഗലം, മണ്ണുത്തി, തൃശൂർ സിറ്റി വനിതാ സ്റ്റേഷൻ, കൊടുങ്ങല്ലൂർ, തിരൂർ, ഉളിക്കൽ, ആറളം, കുമ്പള, വിദ്യാനഗർ, അമ്പലത്തറ, ബേഡകം, ബേക്കൽ എന്നീ സ്റ്റേഷനുകളിലാണു പുതുതായി ശിശുസൗഹൃദ കേന്ദ്രങ്ങൾ തുറന്നത്. പൊൻമുടിയിലെ പൊലീസ് സഹായ കേന്ദ്രവും ഇരിങ്ങാലക്കുടയിലെ ജില്ലാ ഫൊറൻസിക് ലബോറട്ടറിയും മലപ്പുറം എആർ ക്യാംപ്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ജില്ലാ പരിശീലന കേന്ദ്രവും പ്രവർത്തന ക്ഷമമായി. കാടാമ്പുഴയിലും വടകര വനിതാസെല്ലിലും വിശ്രമകേന്ദ്രങ്ങളും പേരാമ്പ്ര സ്റ്റേഷൻ പരിസരത്ത് ഡോഗ് സ്ക്വാഡ് കെന്നലും മൂന്നാറിൽ നവീകരിച്ച കൺട്രോൾ റൂം സംവിധാനവും നിലവിൽ വന്നു.
കാസർകോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗർ സ്റ്റേഷനുകളിലെയും കാസർകോട് ഡിവൈഎസ്പി ഓഫിസിലെയും സന്ദർശ കമുറികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വനിതാ ബറ്റാലിയനിലെ മെസ് ബാരക്ക്, ആയുധപ്പുര.അങ്കണവാടി, റിക്രിയേഷൻ സെന്റർ എന്നിവയും അരീക്കോട് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ വനിതാ ബാരക്കും.പൊലീസ് അക്കാദമിയിലെ വെറ്ററിനറി ക്ലിനിക്കുമാണ് പൊലീസിനു ലഭിച്ച മറ്റു കെട്ടിടങ്ങൾ.



