പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ 13 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒക്ടോബര്‍ രണ്ടിന് ഒ.ഡി.എഫ് പ്ലസ് (വെളിയിട വിസര്‍ജ്ജന വിമുക്ത പദവി) പദവി പ്രഖ്യാപിക്കുന്നു. തുമ്പമണ്‍, ആറന്മുള, പന്തളം-തെക്കേക്കര, പള്ളിക്കല്‍, കൊടുമണ്‍, ചെറുകോല്‍, കവിയൂര്‍, ആനിക്കാട്, കല്ലൂപ്പാറ, അരുവാപ്പുലം, നിരണം, കുളനട, കുന്നന്താനം എന്നി ഗ്രാമപഞ്ചായത്തുകളാണ് ഗാന്ധിജയന്തി ദിനത്തില്‍ പദവി പ്രഖ്യാപനം നടത്തുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ നടന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള സര്‍വേയുടെയും ബ്ലോക്ക്തല ടീമുകളുടെ പരിശോധനയുടെയും ഏറ്റെടുത്ത പ്രോജക്ടുകളുടെയും അടിസ്ഥാനത്തിലാണ് ഈ പഞ്ചായത്തുകള്‍ ആദ്യഘട്ട പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫെയ്സ് ഒന്നില്‍ എല്ലാ ഗ്രാമങ്ങളും വെളിയിട വിസര്‍ജ്ജന വിമുക്ത പദവി(ഓപ്പണ്‍ ഡഫിക്കേഷന്‍ ഫ്രീ-ഒ.ഡി.എഫ്) നേടിയെടുത്തു. ഈ പദവി നിലനിര്‍ത്തുന്നതിനും ഗ്രാമീണമേഖലയില്‍ കൂടുതല്‍ ഖര-ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കി ഗ്രാമങ്ങളെ വൃത്തിയുള്ള ഇടങ്ങളാക്കി മാറ്റുന്നതിനുമാണ് ഒ.ഡി.എഫ് പ്ലസ് ലക്ഷ്യം വയ്ക്കുന്നത്.
ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷര്‍ക്കും സെക്രട്ടറിമാര്‍ക്കും ശുചിത്വമേഖലയിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എ.ഡി.എം അലക്സ് പി. തോമസ്, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനേ ാദ്കുമാര്‍ എന്നിവര്‍ ഒ.ഡി.എഫ് പ്ലസ് പദവി പ്രഖ്യാപനം സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ പഞ്ചായത്ത്, അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍(ജനറല്‍), ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതൊക്കെയാണ് ഒ.ഡി.എഫ് പ്ലസ് പദവി മാനദണ്ഡങ്ങള്‍
എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, പൊതു ഇടങ്ങള്‍ വൃത്തിയുള്ളതും മലിനജലം കെട്ടിനില്‍ക്കാതെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍ ഇല്ലാതെയും സംരക്ഷിക്കുക, വീടുകളിലും, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ പൊതുസ്ഥാപനങ്ങളിലും അജൈവ, ജൈവമാലിന്യങ്ങളും, ദ്രവമാലിന്യങ്ങളും സംസ്‌ക്കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ഒരുക്കുക, കമ്മ്യൂണിറ്റിതല ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ ഒരുക്കുക, പ്ലാസ്റ്റിക്ക് തരംതിരിക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള എം.സി.എഫ് സംവിധാനം ഒരുക്കുക, ഹരിത കര്‍മ്മസേനയുടെ സേവനം ലഭ്യമാക്കുക, ഒ.ഡി.എഫ് പ്ലസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആറ് വിവര വിജ്ഞാന വ്യാപന ബോര്‍ഡുകളും പ്രാമുഖ്യത്തോടെ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍. നിലവില്‍ 13 ഗ്രാമപഞ്ചായത്തുകളിലും മാനദണ്ഡപ്രകാരമുള്ള പ്രോജക്ടുകള്‍ ജില്ലാ ആസൂത്രണ സമിതി അംഗീകാരം നേടിയിട്ടുണ്ട്. ഇവയെല്ലാം തന്നെ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ എം.ഐ.എസ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യണം.
പ്രഖ്യാപനം ഇങ്ങനെ
പ്രഖ്യാപനത്തിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് ഒ.ഡി.എഫ് പ്ലസ് പദവി സംബന്ധിച്ച പ്രമേയം പാസാക്കേണ്ടതും തുടര്‍ന്ന് വില്ലേജ്-തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ സ്വയം പ്രഖ്യാപനം നടത്തേണ്ടതുമാണ്. അതോടൊപ്പം സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫെയ്സ് രണ്ട് മാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള സാക്ഷ്യപത്രം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട് എസ്.ബി.എം (ഗ്രാമീണ്‍) ഫെയ്സ് ഐ.എം.ഐ.എസ് (ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) ലേക്ക് അപ്ലോഡ് ചെയ്യണം. ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ എസ്.ബി.എം (ഗ്രാമീണ്‍) ഫെയ്സ് മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള പരിശോധന ടീം വിലയിരുത്തല്‍ നടത്തി ഒ.ഡി.എഫ് പ്ലസ് പദവി നിലനില്‍ക്കുന്നോ ഇല്ലയോയെന്ന് സാക്ഷ്യപ്പെടുത്തും. അതുകൊണ്ടുതന്നെ നിലവില്‍ ഏറ്റെടുത്തിട്ടുള്ള എല്ലാത്തരം ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ പ്രോജക്ടുകളും പ്രഖ്യാപന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാകുന്നുവെന്ന് പഞ്ചായത്ത് ഭരണസമിതി ഉറപ്പുവരുത്തണം.
ബാക്കി പഞ്ചായത്തുകളും ഒ.ഡി.എഫ് പ്ലസ് പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളും ഒ.ഡി.എഫ് പ്ലസ് പദവി പ്രഖ്യാപനത്തിനാവശ്യമായ പ്രോജക്ടുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഒ.ഡി.എഫ് പ്ലസ് പ്രോജക്ടുകള്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫെയ്സ് രണ്ട് ഫണ്ട് ഉപയോഗിച്ചു രൂപീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതിയില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകളുടെ പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയത്. 2022 മാര്‍ച്ച് 31 ന് മുന്‍പായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പ്ലസ് പദവി നേടുന്നതിനാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അറിയിച്ചു.




