കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ തല്‍സ്ഥാനത്തുനിന്ന് ബിജെപി നീക്കി. ബിജെപി വിട്ട് എംഎല്‍എമാരും എംപിയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറിയതിന്റെ പശ്ചാത്തലത്തിലാണ് അധ്യക്ഷനെതിരേ അച്ചടക്കനടപടിയുണ്ടായത്. ദിലീപ് ഘോഷിനെതിരേ ആരോപണമുന്നയിച്ചാണ് ബിജെപി ക്യാംപില്‍നിന്ന് നേതാക്കള്‍ തൃണമൂലിലേക്ക് ഒഴുകിയത്. ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ വടക്കന്‍ ബംഗാളിലെ ബാലൂഘട്ടില്‍നിന്നുള്ള എം പി സുകാന്ത മജുംദാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. പകരം ദിലീപ് ഘോഷിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇതുവരെ നാല് എംഎല്‍എമാരും ഒരു എംപിയുമാണ് ബിജെപിയില്‍ നിന്ന് തൃണമൂലിലെത്തിയത്. മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ബാബുല്‍ സുപ്രിയോ ആണ് ഏറ്റവും ഒടുവില്‍ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.



