കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. കൊച്ചി കെ.പി വളളോന്‍ റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.
പത്ര പ്രവര്‍ത്തകന്‍, നോവലിസ്‌റ്റ്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധി നേടിയ കെഎം റോയി 1961 ല്‍ ആണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. കേരള പ്രകാശം എന്ന പത്രത്തിലൂയൊയിരുന്നു തുടക്കം. ദേശബന്ധു, ,കേരള ഭൂഷണം തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇക്കണോമിക് ടൈംസ്, ദ് ഹിന്ദു തുടങ്ങിയ പത്രങ്ങളിലും, യുഎന്‍ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് സെക്രട്ടറി ജനറലായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്ര പ്രവര്‍ത്തന രംഗത്തുനിന്നും വിരമിക്കകുയായിരുന്നു.
രണ്ടുപതിറ്റാണ്ടിലേറെയായി മംഗളം വാരികയില്‍ അദ്ദേഹം എഴുതിയിരുന്ന ഇരുളും വെളിച്ചവും എന്ന പംക്തി ഏറെ പ്രസിദ്ധമാണ്. ആനുകാലികങ്ങള്‍, ദിനപത്രങ്ങള്‍, എന്നിവക്കായി ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇരുളും വെളിച്ചവും, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. നിരവധി മാധ്യമ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. .