‘അത് ക്രിസ്ത്യാനികളുടെ നിലപാടല്ല പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ ഫാദർ പോൾ തേലക്കാട്

കൊച്ചി: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ സീറോമലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട്. ബിഷപ്പിന്റെ പ്രസ്താവന ക്രിസ്ത്യാനികളുടെ നിലപാടല്ല. സൗഹൃദത്തിന്റെ ഭാഷക്ക് പകരം തർക്ക യുദ്ധത്തിനാണ് മെത്രാൻ തയാറായതെന്നും 15/09/21 ബുധനാഴ്ച ഒരു പ്രമുഖ മലയാള ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പോൾ തേലക്കാട്ട്‌‌‌‌‌ വിമർശിച്ചു. മതസ്പർദ്ധ വളർത്താൻ ചില കേന്ദ്രങ്ങളിൽനിന്ന് പ്രസ്താവന ഉണ്ടായെന്ന് സിഎസ്ഐ സഭയും അറിയിച്ചു.

ഒരു മെത്രാന്റെ സമുദായസ്നേഹം എന്ന തലക്കെട്ടിൽ ‘മംഗളം’ പത്രത്തിലെഴുതിയ ലേഖനത്തിലാണ് സീറോ മലബാർ സഭ മുൻ വക്താവ് ഫാ.പോൾ തേലക്കാട്ട് പാലാ ബിഷപ്പിനെതിരെ നിശിത വിമർശനം ഉയർത്തിയത്. കേരളത്തിൽ നർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടല്ലെന്ന് പോൾ തേലക്കാട്ട് പറഞ്ഞു. ആരോപണം സത്യമാണെങ്കിൽ അതിൽ നടപടിയെടുപ്പിക്കാനുളള സ്വാധീനം ബിഷപ്പിനുണ്ട്.

സഭാധ്യക്ഷൻ സമുദായ നേതാവായി ചുരുങ്ങി. വേണ്ടത്ര ചിന്തയില്ലാതെയാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെന്നും പോൾ തേലക്കാട്ട് കുറ്റപ്പെടുത്തി. മെത്രാൻ പിന്തുടരേണ്ടത് മാർപ്പാപ്പയെയാണ്. എന്നാൽ രണ്ടാം കുരിശുയുദ്ധം മുസ്ലീംങ്ങൾക്കെതിരെയാണെന്നു പറഞ്ഞ ക്ലെയര്‍വോയിലെ ബർണാദിന പിന്തുടരുന്നവരുടെ പ്രലോഭനത്തിൽ കേരളത്തിലെ മെത്രാനും പെട്ടു. സ്വന്തം ചിന്തയില്‍ നിന്ന് അന്യനെ ഒഴിവാക്കുമ്പോള്‍ മൗലികവാദം ആരംഭിക്കുന്നുവെന്നും ലേഖനത്തിൽ തേലക്കാട്ട് ചൂണ്ടിക്കാട്ടുന്നു.

Share
അഭിപ്രായം എഴുതാം