ലഖ്നോ: മൂന്ന് മാസത്തിനിടെ 10,000 വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് നിര്‍മിച്ച യുവാവ് അറസ്റ്റിലായി. ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ബിസിഎ) ബിരുദധാരിയായ വിപുല്‍ സായ്നി (24) യെയാണ് ഉത്തര്‍പ്രദേശ് പോലിസ് ഷഹ്റാന്‍പൂരിലെ നാക്കൂര്‍ നഗരത്തിലെ മച്ചാര്‍ഹെഡി ഗ്രാമത്തില്‍നിന്ന് അറസ്റ്റുചെയ്തത്. മധ്യപ്രദേശിലെ അര്‍മാന്‍ മാലിക്ക് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ഇത് ചെയ്തത്. ഓരോ വോട്ടര്‍ ഐഡിക്കും മാലിക് 100 മുതല്‍ 200 രൂപ വരെ വിപുലിന് നല്‍കിയതായി ഷഹ്റാന്‍പൂര്‍ പോലിസ് പറഞ്ഞു. അറസ്റ്റിനുശേഷം നടത്തിയ പരിശോധനയില്‍ വിപുലിന്റെ അക്കൗണ്ടില്‍ 60 ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെത്തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിച്ചു.



