ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊച്ചിയടക്കം12 ഇന്ത്യൻ നഗരങ്ങളെ കടൽ വിഴുങ്ങുമെന്ന് നാസ

ന്യൂഡൽഹി: ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കടൽ നിരപ്പിന്റെ ഉയർച്ചയും ലോകത്തിലെ തീരമേഖലകളെയാകെ എത്ര ഗുരുതരമായാണ് ബാധിക്കുക എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നാസ പ്രസിദ്ധീകരിച്ചു. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയുടെ തീരത്ത് മൂന്നടിയോളം കടൽനിരപ്പുയരുമെന്നും നമ്മുടെ കൊച്ചിയടക്കമുള്ള 12 ഇന്ത്യൻ നഗരങ്ങളെ കടൽ വിഴുങ്ങുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐ പി സി സി) തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാസയുടെ പുതിയ റിപ്പോർട്ട്.

കൊച്ചിക്കു പുറമെ, മുംബൈ, ചെന്നൈ, വിശാഖപട്ടണം, മംഗലാപുരം, തൂത്തുക്കുടി, കണ്ട്‌ല, ഓഖ, ഭാവ്നഗര്‍, മോര്‍മുഗാവോ, പാരാദ്വീപ്, ഖിദിര്‍പുര്‍ എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും നാസയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഐ.പി.സി.സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ സമുദ്രജലനിരപ്പിലെ വര്‍ധന വ്യക്തമാക്കുന്ന ‘സീ ലെവല്‍ പ്രൊജക്ഷന്‍ ടൂളും’ നാസ വികസിപ്പിച്ചു.

ആഗോളതാപനം നിയന്ത്രിക്കുന്നതിന് പാരീസ് ഉച്ചകോടിയുടെ നിർദേശങ്ങളടക്കം കർശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.

Share
അഭിപ്രായം എഴുതാം