കൊല്ലം: ഓണത്തോടനുബന്ധിച്ച് ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ജില്ലയുടെ പ്രത്യേക ചുമതലയുള്ള മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ ടിങ്കു ബിസ്വാള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിപ്പ്. ഡി.സി.സി കളുടെ പ്രവര്‍ത്തനം ദിവസേന വിലയിരുത്തണമെന്നും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കും. ഡബ്ലിയു.ഐ.പി.ആര്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് സമ്പര്‍ക്കത്തില്‍ വരുന്ന 20 പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടി സ്വീകരിക്കും. 10 മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ പുനര്‍വിന്യസിച്ച് പരിശോധനകള്‍ വ്യാപിപ്പിക്കും. സൗകര്യ പരിമിതികള്‍ ഉള്ള രോഗികളെ കെ.എം.എം.എല്‍ ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും നിലവിലുള്ള ഡി.സി.സികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ പരിമിതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എ.ഡി.എം. എന്‍.സാജിതാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




