റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിതാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ മകളെയും മരുമകനെയും ഹൈക്കോടതി വെറുതെവിട്ടു

August 4, 2021 - 8:51 am

കൊച്ചി : പിതാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റിയെന്ന കേസില്‍ കീഴ്‌കോടതി ജീവ പര്യന്തം ശിക്ഷിച്ച മകളെയും മരുമകനെയും ഹൈക്കോടതി വെറുതെ വിട്ടു. സംശയാതീത തെളിവുകള്‍ ഇല്ലാതെ സാധ്യതകള്‍ മാത്രം പരിഗണിച്ച്‌ ശിക്ഷ വിധിക്കുന്ന കാര്യത്തില്‍ വിചാരണ കോടതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ഹൈക്കോടതി പറഞ്ഞു. കഠിനംകുളം മര്യനാട്‌ സ്വദേശി ഡൊമിനിക്ക്‌ മരിച്ച കേസിലെ പ്രതികളായ ഷാമിനി, ബിജില്‍റോക്കി എന്നിവരുടെ ശിക്ഷയാണ്‌ ഹൈക്കോടതി ജസ്‌റ്റീസ്‌ കെ.വിനോദ്‌ ചന്ദ്രന്‍, ജസറ്റീസ്‌ സിയാദ്‌ റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ റദ്ദാക്കിയത്‌.

ഇവരുടെ രണ്ട്‌ മക്കളും പ്രതികളാണെങ്കിലും ജുവനൈല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തീകരിച്ചിട്ടില്ല. സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ 2007 ആഗസ്റ്റ്‌ ആറിന്‌ മകളും മരുമകനും മക്കളും ചേര്‍ന്ന്‌ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചെന്നാണ്‌ കേസ്‌. മരിച്ചയാളുടെ ബന്ധുക്കളുടെ ആപോപണത്തെ തുടര്‍ന്ന്‌ മൃതദേഹം പുറത്തെടുത്ത്‌ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തുകയും തലക്ക്‌ പരിക്കുണ്ടെന്ന കണ്ടതിനാല്‍ കൊലക്കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയയുമായിരുന്നു.

മരിച്ച ഡൊമിനിക്കിനൊപ്പം പ്രതികള്‍ ഒരുവീട്ടില്‍ താമസിച്ചുവെന്നല്ലാതെ കുറ്റകൃത്യം ചെയ്‌തുവെന്നതിന്‌ തെളിവുകളില്ലെന്ന്‌ ഹൈക്കോടതി ചണ്ടിക്കാട്ടി. പിതാവ്‌ ആത്മഹത്യ ചെയ്‌തതിന്റെ ദുഷ്‌പ്പേര്‌ ഒഴിവാക്കാനാവാം മക്കള്‍ പോസ്‌റ്റ്‌ മോര്‍ട്ടത്തെ എതിര്‍ത്തത്‌. പോസ്‌റ്റ്‌മോര്‍ട്ടം ഒഴിവാക്കാനായി സ്വാഭാവിക മരണമാണ്‌ നടന്നതെന്ന്‌ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ മക്കള്‍ ശ്രമിക്കും . ഇത്‌ കൊലപാതകം നടത്തിയത്‌ അവരാണെന്ന നിഗമനത്തിലേക്ക്‌ എത്തിക്കുന്നുവെന്ന പേരില്‍ ശിക്ഷ നല്‍കാനാവില്ലന്നും കൊലപാതകവുമായി ബന്ധപ്പെടുത്തി കോടതിക്കുമുന്നില്‍ തെളിവുകളൊന്നുമില്ലെന്നും കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *