പത്തനംതിട്ട: ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ വലിയ തോതില്‍ സാമ്പിള്‍ സര്‍വേ നടത്തുന്നു. വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള രാജ്യവ്യാപകമായ ഗാര്‍ഹിക സര്‍വേകളിലൂടെയാണ് പ്രധാനമായും വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍.എസ്.ഒ ഇപ്പോള്‍ നടത്തുന്ന പ്രധാന സര്‍വേകള്‍ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ, അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളുടെ വാര്‍ഷിക സര്‍വേ, അര്‍ബന്‍ ഫ്രെയിം സര്‍വേ എന്നിവയാണ്. തൊഴില്‍, തൊഴിലില്ലായ്മ എന്നിവ അളക്കുന്നതിനുള്ള പ്രധാന ലക്ഷ്യങ്ങളോടെയാണ് ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ നടത്തുന്നത്. പത്തനംതിട്ട ജില്ലയില്‍ ഇതിനായി ഈ മാസം തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡുകള്‍ ഓമല്ലൂര്‍, ഏഴംകുളം, വെച്ചുച്ചിറ, മലയാലപ്പുഴയും മുനിസിപ്പാലിറ്റി വാര്‍ഡ് പന്തളവുമാണ്.
ഉല്‍പ്പാദനം, വ്യാപാരം, സേവനങ്ങള്‍ എന്നീ മേഖലകളിലെ അസംഘടിത സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തന സവിശേഷതകളെ കുറിച്ചുള്ള വിവര ശേഖരണത്തിനാണ് അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളുടെ വാര്‍ഷിക സര്‍വേ നടത്തുന്നത്. ഇതിനായി ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡുകള്‍ ഏഴംകുളം, പുലിയൂര്‍, ഇരവിപേരൂര്‍, സീതത്തോട്, വടശ്ശേരിക്കര, ഏനാതിമംഗലം, കടമ്പനാട്, റാന്നി, കോന്നിയും മുനിസിപ്പാലിറ്റി വാര്‍ഡ് തിരുവല്ലയുമാണ്. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ആശുപത്രികള്‍, മതസ്ഥാപങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ചുള്ള വിവര ശേഖരണം നടത്തും.
ഇതുകൂടാതെ സര്‍ക്കാര്‍ സര്‍വേകള്‍ക്കായി നഗര പ്രദേശങ്ങളുടെ ഭൂപടം തയാറാക്കുന്ന സര്‍വേകള്‍ അര്‍ബന്‍ ഫ്രെയിം സര്‍വ്വേ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല മുനിസിപ്പാലിറ്റിയില്‍ പുരോഗമിക്കുന്നു. സര്‍വേകള്‍ക്ക് വസ്തു നിഷ്ഠമായ വിവരങ്ങളും മികച്ച സഹകരണവും, പൊതുജനങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും നല്‍കണമെന്ന് എന്‍.എസ്.ഒ ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.