കല്ലായിയിൽ റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു; അന്വേഷണമാരംഭിച്ചു

കോഴിക്കോട്: റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട് കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്.

30/07/21 വെള്ളിയാഴ്ച രാവിലെ 7.45നാണ് കല്ലായി റെയില്‍വേ സ്റ്റേഷന് പിന്‍വശത്തുള്ള സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

സംഭവത്തില്‍ അട്ടിമറി നീക്കമൊന്നുമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് പറഞ്ഞു. ഐസ്‌ക്രീം ബോളിനകത്ത് പടക്കം പോലെയുള്ള വസ്തുക്കള്‍ നിറച്ച നിലയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തുന്നത്.

ഇത്തരത്തിലുള്ള ഐസ്‌ക്രീം ബോളുകള്‍ ചിതറിയ നിലയില്‍ സമീപത്തും വീടിന്റെ മുറ്റത്തും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

തൊട്ടടുത്തുള്ള വീട്ടില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നതിനാല്‍ ആഘോഷാവശ്യങ്ങള്‍ക്കായി വാങ്ങിയ പടക്കങ്ങളാകാം കണ്ടെത്തിയതെന്ന നിഗമനവുമുണ്ട്. ഏത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണെന്ന കാര്യത്തില്‍ പരിശോധനക്ക് മാത്രമേ വ്യക്തത വരികയൂള്ളൂ.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ട്രെയിന്‍ അപകടപ്പെടുത്താന്‍ ആരെങ്കിലും മനപൂര്‍വം സ്‌ഫോടക വസ്തുകൊണ്ടുവച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →