ആലപ്പുഴ: ഇരുപതു വർഷമായി മാലിന്യമായി കിടക്കുന്ന കാപ്പിത്തോടിന്റെ വിവിധ ഭാഗങ്ങൾ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. തോട്ടിലെ ഒഴുക്ക് നിലച്ചതിനാൽ ഒരു മഴ പെയ്താൽ തന്നെ പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ വെള്ളത്തിലാക്കുന്ന അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്. ഒരു മാസം കൊണ്ട് ഹിറ്റാച്ചി ഉപയോഗിച്ച് കാക്കാഴം സ്‌കൂൾ മുതൽ ഏഴരപ്പീടിക വരെയുള്ള തോട് ആഴം കൂട്ടി കാടുകൾ, പാഴ്‌ച്ചെടികൾ വെട്ടിത്തെളിച്ച് കാപ്പിത്തോടിനെ ഒഴുക്ക് നിലനിർത്തുന്ന അവസ്ഥയിലെത്തിച്ചു. 50 ലക്ഷം രൂപ മുടക്കിൽ വിവിധ സ്ഥലങ്ങളിൽ ആവശ്യാനുസരണം കൺവർട്ടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അറിയിച്ചു.