ശ്രീനഗര്‍/ഷിംല: ജമ്മു-കശ്മീരിലും ഹിമാചല്‍ പ്രദേശിലും മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലുമായി 21 മരണം മുപ്പതോളംപേരെ കാണാതായി. ഹിമാചലിലെ കുളു ജില്ലയില്‍ അമ്മയും നാലുവയസുകാരന്‍ മകനും ഉള്‍പ്പെടെ പതിനാലുപേരാണ് പ്രളയത്തില്‍ മരിച്ചത്. ചമ്പ ജില്ലയില്‍ ഒരാളും സ്പിതിയില്‍ മൂന്നു പേരും മരിച്ചു. ലഹൗളില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ടു ടെന്റുകള്‍ പ്രളയത്തില്‍ തകര്‍ന്നു. ഇവിടെയുണ്ടായിരുന്ന ഏഴു തൊഴിലാളികളെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തപ്രതികരണ സേനയുടെ സഹായം തേടിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍പ്രളയത്തിലും ഏഴുപേര്‍ മരിച്ചു. ഇരുപതോളംപേരെ കാണാതായി. അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപവും മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ലെന്നു പ്രാഥമിക വിലയിരുത്തല്‍. ഹിമാചല്‍പ്രദേശില്‍ കുളു, ചമ്പ, ലഹൗല്‍-സ്പിതി ജില്ലകളിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ എട്ടുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി.
ജമ്മുവിലെ ചെനാബ് താഴ്വരയിലെ ഒറ്റപ്പെട്ട ഹോണ്‍സര്‍ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ കനത്ത മഴയും മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയവും നാശംവിതച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. എട്ട് വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയി. പരുക്കേറ്റ 17 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.