ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച പാര്‍ലമെന്റിന്റെ ഐ.ടി. സമിതി യോഗം അലങ്കോലമായി. തരൂരിനെ ഐ.ടി. സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ബി.ജെ.പി. അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു യോഗം അലങ്കോലമായത്. തരൂര്‍ പദവി ദുരുപയോഗം ചെയ്തെന്നുകാട്ടി നിഷികാന്ത് ദുബെ എം.പിയാണു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു നോട്ടീസ് നല്‍കിയത്. ബി.ജെ.പി. അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് യോഗം മാറ്റിവച്ചു. യോഗത്തിനെത്തിയ ബി.ജെ.പി. അംഗങ്ങള്‍ സമിതി അധ്യക്ഷന്‍ ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ച് ഒപ്പിടാന്‍ വിസമ്മതിച്ചതോടെ ക്വാറം തികയാത്ത സാഹചര്യമായി. ഇതോടെ യോഗം ചേരാന്‍ സാധിക്കാത്ത സ്ഥിതി ഉരുത്തിരിയുകയായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബി.ജെ.പി. അംഗങ്ങളുടെ തന്ത്രമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷനിരയിലെ സമിതിയംഗങ്ങള്‍ ആരോപിക്കുന്നത്.