ഐ.എന്‍.എല്‍. ആഭ്യന്തര കലഹം പൊട്ടിത്തെറിയിലേക്ക്; കാസിം ഇരിക്കൂറിനെതിരായ അബ്ദുള്‍വഹാബിന്റെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: ഐ.എന്‍.എല്ലിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്.

പാര്‍ട്ടി സെക്രട്ടറിയേറ്റ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാണ് അബ്ദുള്‍ വഹാബ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെടുന്ന അബ്ദുള്‍ വഹാബിന്റെ ശബ്ദസന്ദേശം പുറത്തായി.

ജനറല്‍ സെക്രട്ടറി വിളിച്ചുചേര്‍ക്കുന്നില്ലെങ്കില്‍ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും താനതിനു തയ്യാറാകുമെന്നും അബ്ദുള്‍വഹാബ് പറയുന്നുണ്ട്.

‘മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം ഇതുവരെ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്,’ ശബ്ദസന്ദേശത്തില്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടേറിയറ്റ് വിളിച്ചുചേര്‍ക്കാന്‍ താന്‍ നേരിട്ട് സെക്രട്ടറിയോട് നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടതാണെന്നും അബ്ദുള്‍വഹാബ് പറയുന്നു.

നേരത്തെ പി.എസ്.സി. കോഴവിവാദത്തില്‍ ഐ.എന്‍.എല്ലിനെ സി.പി.ഐ.എം താക്കീത് ചെയ്തിരുന്നു. ഇടതുമുന്നണിയ്ക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.ഐ.എം. മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഐ.എന്‍.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാര്‍ട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയര്‍ന്നത്. വിഷയത്തില്‍ ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.സി. മുഹമ്മദിനെ പുറത്താക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം