പാര്‍ട്ടി പ്രശ്‌നമെന്ന നിലയ്ക്കാണ് ഇടപെട്ടത്; സ്ത്രീ പീഡന പരാതി പിന്‍വിലക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ എ.കെ. ശശീന്ദ്രന്‍

കൊല്ലം: എന്‍.സി.പി. പ്രാദേശിക നേതാവ് ഉന്നയിച്ച സ്ത്രീ പീഡന പരാതി പിന്‍വിലക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശീന്ദ്രന്‍ 20/07/21 ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

‘പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നമെന്ന നിലയ്ക്കാണ് ഇടപെട്ടത്,’ ശശീന്ദ്രന്‍ പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.

കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.

അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം, എന്നാണ് എ.കെ. ശശീന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നത്. എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്.

സംഭവം നടന്ന അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്.

Share
അഭിപ്രായം എഴുതാം