ടി പി ചന്ദ്രശേഖരന്റെ മകന് വധഭീഷണി; എ എൻ ഷംസീറിനെതിരെ മിണ്ടിയാൽ കൊലപ്പെടുത്തും

കോഴിക്കോട്: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെയും കെകെ രമ എംഎല്‍എയുടെയും മകന് വധഭീഷണി. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തിലാണ് ഭീഷണി. ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം.

ടിപിയുടെ മകനും ആര്‍ എംപി നേതാവ് എന്‍ വേണുവിനും എതിരെയാണ് കത്ത്. സംഭവത്തില്‍ എന്‍ വേണു വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്‌സ് എന്നാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെ കെ രമയുടെ മകനെ അധികം വളര്‍ത്തില്ലെന്നും കത്ത് പറയുന്നു. എന്‍ വേണുവിനെ അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിനെ മൃഗീയമായി വകവരുത്തുമെന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. 2012 ല്‍ ടിപി കൊല്ലപ്പെടുന്നതിന് മുന്‍പും സമാനമായ ഭീഷണികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ടി പി കൊല്ലപ്പെടതിന് ശേഷവും കെ കെ രമയും കുടുംബവും ഭീഷണി നേരിട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് അഭിനന്ദിനെതിരെ ഒരു ഭീഷണി ലഭിക്കുന്നത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം