തൃശ്ശൂർ: സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കണമെന്ന് കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്പ്മെന്റ്

തൃശ്ശൂർ: കേരള സർക്കാർ നടപ്പിൽ വരുത്താൻ തീരുമാനമെടുത്ത നിർദ്ദിഷ്ട കാസർഗോഡ് – തിരുവനന്തപുരം സിൽവർലൈൻ സെമി ഹൈസ്പീഡ് റയിൽ കോറിഡോർ (കെ റയിൽ ) പദ്ധതി സമഗ്രമായ പഠനം നടത്താതെ മുന്നോട്ട് പോകുന്നത് അടിയന്തിരമായും നിർത്തിവെക്കണമെന്ന് കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്മെന്റ്(ഹ്യൂമനിസ്റ്റ് മൂവ്മെന്റ്) പ്രതിമാസം നടത്തിവരുന്ന ഓൺലൈൻ ചർച്ചാ യോഗം ആവശ്യപ്പെട്ടു.

ഈ പദ്ധതിയെക്കുറിച്ച് പഠിക്കാനായി ആദ്യം കെ റയിൽ ഏല്പിച്ച സിസ്ട്ര എം വി കെ എന്ന കമ്പനിക്കു വേണ്ടി പഠനം നടത്തിയ ഇന്ത്യൻ റയിൽവേ ചീഫ് എഞ്ചിനീയറായിരുന്ന അലോക് കുമാർ വർമ്മ തന്നെ മുഖ്യാതിഥിയായി പങ്കടുത്ത ചർച്ചയിൽ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും, ഇപ്പോൾ ഗവണ്മെണ്ട് നടപ്പാക്കാൻ പോകുന്ന പദ്ധതിയെയും കുറിച്ചുള്ള ഒരു താരതമ്യപഠനം നടത്താൻ പരിപാടി ഉപകരിച്ചു. ഇപ്പോൾ ഗവണ്മെണ്ട് നടപ്പിലാക്കാൻ പോകുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ കേരള ജനതക്ക് വമ്പൻ സാമ്പത്തിക ബാധ്യതയും, കേരളത്തിന് താങ്ങാൻ പറ്റാത്ത പാരിസ്ഥിതിക ആഘാതവും, പതിനായിരക്കണക്കിന് ജനങ്ങളെ അവരുടെ ഉപജീവന മാർഗ്ഗങ്ങളിൽ നിന്നും, ആവാസസ്ഥലങ്ങളിൽ നിന്നും കുടിയിറക്കേണ്ടി വരുമെന്നും ചർച്ചയിൽ വിലയിരുത്തി. അലോക് കുമാർ വർമ്മ സമർപ്പിച്ച പദ്ധതി റിപ്പോർട്ടിലെ നിർദ്ദേശങ്ങളും സർക്കാർ ഇപ്പോൾ നടപ്പിലാക്കാൻ പോകുന്ന പദ്ധതി രേഖയും തമ്മിൽ ഒരു താരതമ്യ പഠനം നടത്തുമ്പോൾ ബോധ്യപ്പെടുന്ന കാര്യങ്ങൾ:

1) ഇപ്പോൾ നടപ്പാക്കാൻ പോകുന്നത് സ്റ്റാൻഡേർഡ് ഗേജ് (1435 മില്ലീമീറ്റർ) ആണ്. എന്നാൽ ഇന്ത്യയിലെ മുഴുവൻ ട്രെയിനുകളും 1676 മില്ലിമീറ്റർ എന്ന ബ്രോഡ്ഗേജിലായതിനാൽ മറ്റു തീവണ്ടികൾക്ക് ഈ ട്രാക്ക് ഉപയോഗിക്കാനാവില്ല. ഈ ട്രാക്കിൽ ഓടുന്ന തീവണ്ടികൾക്ക് ഇന്ത്യയിലെ മറ്റൊരു ട്രാക്കും ഉപയോഗിക്കാനുമാവില്ല. ബ്രോഡ്ഗേജിലാണെങ്കിൽ ഇപ്പോൾ നിലവിലുള്ള സ്‌റ്റേഷനുകൾ ഉപയോഗിക്കാനുമാവും.

2) നിർദ്ദിഷ്ട സ്‌റ്റേഷനുകൾ വളരെ അകലെ ആയതിനാൽ നഗരങ്ങളിലെ തിരക്ക് കൂടുമെന്ന് മാത്രമല്ല സ്റ്റേഷനിലെത്താൻ കൂടുതൽ സമയം വേണ്ടി വരും. 3) ലോകത്തിൽ മിക്കയിടത്തും വേഗത്തിലോടുന്ന എല്ലാ തീവണ്ടിപ്പാതകളും ഭൂമിയിൽ പരമാവധി തൊടാതെ ഒന്നുകിൽ ഉയർന്ന തൂണുകളിലെ പാലത്തിലൂടെയോ, അല്ലെങ്കിൽ ഭൂമിക്കടിയിലെ തുരങ്കങ്ങളിലൂടെയോ ആണ് കടന്നുപോവുക. ( തുരങ്കമുണ്ടാക്കാനുള്ള ചിലവ് വളരെ കൂടുതലാണ്). എന്നാൽ സിൽവർ ലൈൻ 80% വും ഭൂമിയിൽ ഉയർത്തിക്കെട്ടിയ പ്രതലത്തിലൂടെയാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് ലോകത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കും. കേരളത്തിന്റെ കിഴക്കൻ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നും വരുന്ന മഴ വെള്ളത്തിന്റെ സുഖമമായ ഒഴുക്കിനെ ഇത് തടയും. കേരളത്തിൽ തുടരെയുണ്ടായ 2 പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനെ ഒരിക്കലും നമുക്ക് അംഗീകരിക്കാനാവില്ല. മുംബൈ – അഹമ്മദാബാദ് ലൈനിലുള്ള വേഗ റെയിൽപ്പാതയിൽ 92% വും ഉയർന്ന തൂണകളിലൂടെയും, 5% തുരങ്കത്തിലൂടെയും, ബാക്കിയുള്ള 3% മാത്രം ഭൂനിരപ്പിലൂടെയുമാണ് കടന്നുപോകുന്നത്. 4) ഇപ്പോൾ ഈ പദ്ധതിക്ക് ചിലവായി പറഞ്ഞിരിക്കുന്ന 65,000 കോടി രൂപ എന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തുക കുറച്ചു കാണിച്ചിരിക്കുന്നതാണ്. എന്നാൽ പദ്ധതിക്ക് ചുരുങ്ങിയത് ഒരു ലക്ഷം കോടി രൂപയെങ്കിലും വേണ്ടി വരും. 5) ഒരു ദിവസം പ്രതീക്ഷിക്കാവുന്ന യാത്രക്കാരുടെ എണ്ണം 37,750 ആയിരിക്കും എന്നിരിക്കെ അത് 79,934 എന്ന് കൂട്ടിപ്പറയുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.

മുംബൈ – അഹമ്മദാബാദ് റൂട്ടിൽ ശരാശരി 2 കോടി ജനങ്ങൾ ഉള്ളിടത്ത് പോലും ഒരു ദിവസം 35,000 പേരെ പ്രതീക്ഷിക്കുമ്പോൾ കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ 40 to 50 ലക്ഷം ജനങ്ങൾ ഉള്ളിടത്തു നിന്ന് എങ്ങിനെ 79,934 യാത്രക്കാരെ പ്രതീക്ഷിക്കാൻ പറ്റും?

6) ഇപ്പോഴത്തെ ചിലവിന്റെ കണക്കിൽ യാത്രക്കാരുടെ എണ്ണം കണക്കാക്കിയാണ് കിലോമീറ്ററിന് 2.75 രൂപ നിശ്ചയിച്ചിരിക്കുന്നത്. അപ്പോൾ ചിലവ് 1 ലക്ഷം കോടിയും, യാത്രക്കാരുടെ എണ്ണം നേർപകുതിയുമായാൽ ഒരു കിലോമീറ്ററിന്റെ ചിലവ് എത്രയായിരിക്കും? 7) പദ്ധതിക്കു വേണ്ടിയുള്ള സ്ഥലമെടുപ്പ്: ഇപ്പോൾ 20 മീറ്റർ സ്ഥലം മതി എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ 40 മീറ്റർ എങ്കിലും ഏറ്റെടുക്കാതെ ഈ പദ്ധതി പ്രായോഗികമാവില്ല. കാരണം ട്രെയിൻ അതിവേഗത്തിലോടുമ്പോഴുണ്ടാകുന്ന ശബ്ദം അതികഠിനമായിരിക്കും. റെയിലിന് വളരെ അടുത്ത് താമസിക്കുന്നവർക്ക് ദുഃസ്സഹമായിരിക്കും. അത് മാത്രവുമല്ല അതിവേഗത്തിലോടുന്ന വണ്ടിക്ക് വല്ല അപകടവും സംഭവിക്കുകയാണെങ്കിൽ ട്രാക്കിന്റെ വളരെ അടുത്ത് താമസിക്കുന്നവർക്ക് വലിയ അത്യാഹിതമായിരിക്കും സംഭവിക്കുക. അതുപോലെ സ്റ്റേഷനുകളിലേക്കുള്ള അപ്രോച്ച് റോഡുകൾക്കു കൂടി സ്ഥലം വേണ്ടി വരും. അലോക് കുമാർ വർമ്മ സമർപ്പിച്ച പദ്ധതി കടലോരത്തുകൂടിയുള്ള (കടലിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തുകൂടി കടന്നുപോകുന്ന ) പദ്ധതിയാണ് സമർപ്പിച്ചിരുന്നത്. ആ റൂട്ടു മാറ്റി കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും, പരിസ്ഥിതിക്കും വമ്പൻ ആഘാതം സൃഷ്ടിക്കുന്ന ഇപ്പോഴത്തെ രീതിയിൽ സിൽവർ ലൈൻ പാത നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ അടിയന്തിരമായും പിന്മാറണമെന്ന് കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്മെന്റ് ആവശ്യപ്പെട്ടു. ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിലൂടെ നടത്തിയ ചർച്ചാ യോഗത്തിൽ കമ്മ്യൂണിറ്റിയുടെ സ്റ്റേറ്റ് കോ – ഓർഡിനേറ്റർ കെ.ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ശ്രീ അലോക് കുമാർ വർമ്മയെ എൻ.എ. ദയാനന്ദ് പരിചയപ്പെടുത്തി. ശ്രീ. അനിൽ ജോസ് മോഡറേറ്ററായി പരിപാടി നിയന്ത്രിച്ചു. സാമൂഹ്യ-പാരിസ്ഥിതിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ശ്രീ. അലോക് കുമാർ വർമ്മയോട് ചോദ്യങ്ങൾ ചോദിക്കുകയും, അദ്ദേഹം വളരെ വ്യക്തമായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. ഡോ. താര നന്ദി പ്രകാശനം നടത്തി.

ദി കമ്മ്യൂണിറ്റി ഫോർ ഹ്യൂമൻ ഡവലപ്മെന്റിനു വേണ്ടി

കെ. ചന്ദ്രബാബു
സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ
9447488704.

Share
അഭിപ്രായം എഴുതാം