കോഴിക്കോട്: ഇ- അദാലത്തിൽ 1,625 കേസുകള്‍ തീര്‍പ്പായി

കോഴിക്കോട്: നാഷണല്‍  ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരളാ ലീഗ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദേശാനുസരണം കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ്  അതോറിറ്റിയും താലൂക്ക് ലീഗല്‍  സര്‍വീസസ് കമ്മിറ്റികളും ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ പ്രഥമ ഇ-ലോക് അദാലത്തില്‍ 1,625 കേസുകള്‍ തീര്‍പ്പായി.  ജില്ലയിലെ കോടതികളില്‍  നിലവിലുള്ള കേസുകളും പുതിയ പരാതികളുമായി 1,821 ഓളം കേസുകള്‍ പരിഗണനയ്ക്കു വന്നു. 68 പ്രീലിറ്റിഗേഷന്‍ പെറ്റീഷനുകളും (പി.എ .പി), 1,753 പെന്റിങ്ങ് കേസുകളും പരിഗണിച്ചതില്‍ ബന്ധപ്പെട്ട അഭിഭാഷകരും കക്ഷികളും ഉദ്യോഗസ്ഥരും ഹാജരായ 1,625 കേസുകളിലാണ് തീര്‍പ്പു കല്‍പ്പിച്ചത്. 7,98,52,053 രൂപ വിവിധ കേസുകളിലായി നല്‍കുന്നതിനും  ഉത്തരവായി.   കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി, കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍  ഉള്‍പ്പെടുന്ന കോടതികളിലെ കേസുകള്‍ പരിഗണയ്ക്ക്  വന്നിരുന്നു. വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ചെക്കു കേസുകള്‍, ബാങ്ക് റിക്കവറി, ലാന്റ് അക്വിസിഷന്‍, രജിസ്‌ട്രേഷന്‍, മാട്രിമോണിയല്‍, സിവില്‍, ക്രിമിനല്‍  കേസുകള്‍, കെഡോ  കേസുകള്‍, ബി.എസ്.എന്‍.എ  പരാതികള്‍ എന്നിവയും ഇതില്‍  ഉള്‍പ്പെടും. കോഴിക്കോട് ജില്ലാ ലീഗല്‍   സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ ജഡ്ജ് പി.രാഗിണിയുടെ  മേല്‍ നോട്ടത്തില്‍  ജില്ലാ ജഡ്ജ് അനില്‍ കുമാര്‍, സെക്രട്ടറി സബ് ജഡ്ജ്  എം.പി. ഷൈജല്‍ എന്നിവർ  അദാലത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

ചീഫ് ജുഡീഷ്യല്‍  മജ്‌സിട്രേറ്റ്  ഫാത്തിമ ബീവി, സബ് ജഡ്ജുമാരായ എസ്.സൂരജ്, വിനോദ്,  ജുഡീഷ്യല്‍  മജിസ്‌ട്രേറ്റ്മാരായ  വിന്‍സി ആന്‍ പീറ്റര്‍ ജോസഫ്,  നിമ്മി കെ.കെ, അബ്ദു  റഹീം എം,  അല്‍ഫ കെ.കെ, ഉണ്ണികൃഷ്ണന്‍,   ഷൈനി എം.എസ്, മുന്‍സിഫ്മാരായ  ബിജു.എം.സി,  ഉബൈദുള്ള സി,  അനിഷ  എസ്.പണിക്കര്‍ എന്നിവര്‍ അദാലത്തില്‍  ന്യായാധിപരായിരുന്നു.

Share
അഭിപ്രായം എഴുതാം