പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്; അക്രമം വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കത്തിക്കുത്ത്. 08/07/21 വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്ക് സംഘർഷത്തിൽ കുത്തേറ്റു. ടി ബി അക്ഷയ്, നിധിൻ ബാബു എന്നീ ജീവനക്കാർക്കാണ് കുത്തേറ്റത്.

സംഭവത്തിന് പിന്നിൽ രണ്ട് പേരാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ വിശദമായി പൊലീസ് പരിശോധിച്ചു. കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. പ്രതികളുടെ കാർ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇവരെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. അങ്കമാലി മുക്കന്നൂർ സ്വദേശികളുടേതാണ് കാർ. 

Share
അഭിപ്രായം എഴുതാം