റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ മാതൃശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇതിനായി സമഗ്ര രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ മുന്നോടിയായി സംസ്ഥാനത്തെ ശിശുരോഗ വിദഗ്ധരുടേയും വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് 07/07/2021 ബുധനാഴ്ച മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതു സ്ഥലങ്ങളിലും ആശുപത്രികളിലും അമ്മമാര്‍ക്ക് സ്വകാര്യമായി മുലയൂട്ടാന്‍ പറ്റുന്ന സൗകര്യമൊരുക്കും. ആശുപത്രികളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, ജനിച്ച ഉടനെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുക, 6 മാസം വരെ മുലപ്പാല്‍ അല്ലാതെ വേറെ ഭക്ഷണം കൊടുക്കാതിരിക്കുക, കൃത്രിമ ബേബി ഫുഡ് കൊടുക്കാതിരിക്കുക, കുപ്പിപ്പാല്‍ കൊടുക്കാതിരിക്കുക, അമ്മമാരെയും ആശുപത്രികളിലെ ജീവനക്കാരേയും ഈ കാര്യങ്ങള്‍ പരിശീലിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് മാതൃശിശു സൗഹൃദ ആശുപത്രിയ്ക്കായി ലക്ഷ്യം വയ്ക്കുന്നത്.

പ്രസവം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കാന്‍ മുന്‍കൈയ്യെടുക്കുന്ന ആശുപത്രികള്‍ 2002-ല്‍ 92 ശതമാനമായിരുന്നത് കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ആറ് മാസം വരെ മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം 55 ശതമാനത്തില്‍ താഴെ മാത്രമാണ്. മറ്റ് പല ആരോഗ്യ സൂചികകളിലും കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് ഈ കാര്യത്തില്‍ പുറകോട്ട് പോയതായി കാണാന്‍ കഴിഞ്ഞത്. ഇതിന് പരിഹാരം കാണാനാണ് ആരോഗ്യ വകുപ്പും വനിത ശിശുവികന വകുപ്പും ശ്രമിക്കുന്നത്.

സംസ്ഥാനത്തെ പ്രസവങ്ങളില്‍ നല്ലൊരു ശതമാനം സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളെക്കൂടി ഇതില്‍ പങ്കാളികളാക്കും. ആദിവാസി മേഖലയില്‍ മുലപ്പാലിന്റെ പ്രാധാന്യം മനസിലാക്കിക്കാന്‍ ആശാവര്‍ക്കര്‍മാരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തും. കുഞ്ഞുങ്ങളുടെ ആദ്യത്തെ 1000 ദിനം ഏറെ പ്രാധാന്യമാണ്. കുട്ടികളുടെ ആരോഗ്യ പൂര്‍ണമായ വളര്‍ച്ചയിലും മരണ നിരക്ക് കുറയ്ക്കുന്നതിനും മുലയൂട്ടലിന് വളരെ പ്രധാന്യമുണ്ട്. ഗൈനക്കോളജിസ്റ്റുകളുടെ സഹകരണം കൂടി ഉറപ്പ് വരുത്തുന്നതാണ്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് നേരിട്ട് സന്ദേശം എത്തിക്കുന്നതിന് വേണ്ടി വനിത ശിശു വികസന വകുപ്പ് അങ്കണവാടി ജിവനക്കാരെ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതാണ്. അതിനുള്ള മൊഡ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതിയുടേയും ഐ.സി.ഡി.എസ്.ന്റേയും ഭാഗമായിട്ടുള്ള പ്രചരണ പരിപാടികളും വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കും. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ബ്രസ്റ്റ് ഫീഡിംഗ് ക്യാബിനുകള്‍ വകുപ്പ് സ്ഥാപിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *