കോഴയാരോപണത്തിന് പിന്നാലെ ഐഎൻഎൽ നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്.
ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും. പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് 04/07/2021 ഞായറാഴ്ച ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം.
പാർട്ടിയിൽ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം. നേതൃതവുമായി ഇടഞ്ഞ് പാർട്ടി വിടാനിരിക്കുയാണ് ഐഎൻഎല്ലിലെ പിടിഎ റഹിം വിഭാഗം. അതിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്.
കോഴയാരോപണത്തെക്കുറിച്ച് ഐഎൻഎൽ വിശദീകരിക്കണമെന്ന് ലിഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ആരോപണം പച്ചക്കള്ളമാണെന്നും ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇസി മുഹമ്മദ് ആരോപണം ഉന്നയിച്ചതെന്നും ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞിരുന്നു.