തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷാ ഫാത്തിമയുടെ മാതാവ്. ഭര്‍ത്താവിനൊപ്പം ഐഎസി ല്‍ ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചശേഷം അഫ്‌ഗാന്‍ ജയിലില്‍ കഴിയുകയാണ് നിമഷാ ഫാത്തിമ . ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവച്ചു കൊല്ലുകയാണ് വേണ്ടതെന്നതടക്കമുളള പരാമര്‍ശങ്ങളാണ് ” വ്യൂ പോയിന്റ് ” എന്ന ഓണ്‍ലൈനിന്റെ അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ നടത്തിയത്.
ലോക മനസാക്ഷി നിമിഷയുടെ അമ്മയുടെ കണ്ണീര്‍ കണ്ട് സന്തോഷിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. സൈനീകന്റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണെന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞതോടെ അമ്മ ബിന്ദു മൈക്ക് പിടിച്ചുവാങ്ങുകയും ക്യാമറ തട്ടിമാറ്റുകയും ചെയ്യുകയായിരുന്നു. അഫ്‌ഗാനിസ്ഥാന്‍ ഇവരെ ഇന്ത്യക്ക് കൈമാറാന്‍ തയാറണെന്ന് വ്യക്തമാക്കിയപ്പോള്‍ സുരക്ഷാ ഏജന്‍സികളുടെ നിലപാട് സര്‍ക്കാര്‍ തേടിയിരുന്നു. സംഘത്തിലെ എല്ലാവര്‍ക്കും ചാവേര്‍ ആക്രമണത്തിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചത്. സ്വന്തം രാജ്യത്ത് ഐഎസിനായി പ്രവര്‍ത്തിക്കാനാണ് ഭീകരസംഘടനയുടെ നേതൃത്വം ഇവര്‍ക്ക് അവസാനം നിര്‍ദ്ദേശം നല്‍കിയതെന്നും ഏജന്‍സികള്‍ പറയുന്നു. ഇവരുടെ മടക്കം അതിനാല്‍ തന്നെ വലിയ ഭീഷണിയാവും എന്ന റി്‌പ്പോര്‍ട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയത്.
അതേസമയം മുന്‍ അമ്പാസിഡര്‍ കെപിഫാബിയാന്‍ അടക്കമുളളവര്‍ വ്യത്യസ്ഥമായ അഭിപ്രായമാണ് പറയുന്നത്. അഫ്‌ഗാന്‍ ജയിലില്‍ കഴിയുന്നവരെ തിരിയെ കൊണ്ടുവരാതിരിക്കാന്‍ ഒരു കാരണവുമില്ലെന്നാണ് ഫാബിയാന്റെ നിലപാട്. ഇവരെ മടക്കി കൊണ്ടുവരണമന്നും നിയമ നടപടികള്‍ക്ക് വിധേയമാക്കി മുഖ്യധാരയിലെത്തിക്കാനുളള ശ്രമം നടത്തണമെന്നും അവര്‍ ഐഎസില്‍ ചേരാനിടയായ സാഹചര്യം എന്താണെന്ന് പഠിക്കണമെന്നുമുളള അഭിപ്രായം ചില മുന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്കുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളൊന്നും ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടില്ല.വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇവരെ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യമില്ലെന്ന് ഇന്ത്യ അനൗദ്യോഗികമായി അഫ്‌ഗാനിസ്ഥാനെ ധരിപ്പച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം നിമിഷാ ഫാത്തിമയേയും നിമിഷയുടെ മക്കളേയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരിക്കുകയാണ് ബിന്ദു. നിമിഷയേയും നിമിഷയുടെ മക്കളേയും തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഇന്ത്യ പങ്കാളിയായിരിക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട് .ഭരണഘടനാപരമായ മൗലീകാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.