ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ പൂര്‍ണമായും കുറഞ്ഞ ഡല്‍ഹിയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ പൂട്ടുന്നു. രോഗികളുടെ കുറവ് തുടരുന്ന സാഹചര്യത്തിലാണ് ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാരും, എന്‍ജിഒകളും നടത്തുന്ന കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവിടങ്ങളിലുള്ള ചികില്‍സാ ഉപകരണങ്ങള്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് സുരക്ഷിതമായി സൂക്ഷിക്കും. ഡെല്‍ഹിയില്‍ മിക്ക കോവിഡ് കെയര്‍ സെന്ററുകളിലും കഴിഞ്ഞ 2 ആഴ്ചയായി കോവിഡ് രോഗികള്‍ എത്തുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ആംഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വീസിലെ ഡോക്ടര്‍ അറിയിച്ചു. വ്യാഴാഴ്ച 109 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ആയിരത്തോളം കിടക്കകളിലാണ് കോവിഡ് ബാധിതര്‍ ചികില്‍സയില്‍ കഴിയുന്നത്.



