പതിറ്റാണ്ടുകളായി മലയാളത്തിന് കവിതാ സപര്യയുടെ സുഗന്ധം അനിര്‍വചനീയമായി പടര്‍ത്തി നല്കിയ ആദരണീയ എസ്. രമേശന്‍ നായര്‍ ഇനി യവനികയുടെ പിന്നിലേക്ക്. ഇന്നലെ (ജൂണ്‍ 18) വൈകുന്നേരം സംഭവം നടന്ന് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഏറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റല്‍ ശൃംഖലയുടെ സാരഥി ശ്രീ പ്രദീപ് വാരിയര്‍ വിവരം വിളിച്ച് പറഞ്ഞു. എങ്കിലും അതുള്‍ക്കൊള്ളാന്‍ കുറച്ചു സമയം എടുത്തു. രമേശെട്ടനും എനിക്കുമിടയില്‍ വര്‍ഷങ്ങളിലൂടെ ഉടലെടുത്ത ബന്ധത്തിന്റ്റെ തീവ്രത അത്ര ശക്തമായിരുന്നു. അത് ഒരു സൗഹൃദമായിരുന്നില്ല. കാരണം അത്തരം ഒരു സൌഹൃദത്തിന് പാത്രമാകാന്‍ ഞാനാര് ? തീര്‍ച്ചയായും അദ്ദേഹത്തിന് എന്നോടു ഉണ്ടായിരുന്നത് ഒരു വാത്സല്ല്യം തന്നെ ആയിരുന്നു. അതു കൊണ്ടാണ് അദ്ദേഹം ഇടക്കെല്ലാം എന്നെ വിളിച്ചിരുന്നതും വീട്ടില്‍ ചെന്നാല്‍ സുദീര്‍ഘമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ താല്പ്പര്യം എടുത്തിരുന്നതും. ഈ അടുത്ത കാലത്ത് പുത്രന്‍ മനുവിന്റെ സഹധര്‍മ്മിണിയുടെ ആകസ്മിക മരണത്തെ തുടർന്ന് ആ ദിനങ്ങൾ ഒന്നില്‍ പ്രിയ അപ്പുചേട്ടനുമൊത്ത് (കേരള പ്രദേശ് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ എം. മോഹന്‍) ആ വീട്ടില്‍ ചെന്നപ്പോള്‍ തന്റെ സ്വപ്ന പദ്ധതികളെ കുറീച് അദ്ദേഹം ഏറെ വാചാലനായി. ശ്രീ നാരായണ ഗുരുദേവന്റ്റെ ജീവിതത്തെ സംബന്ധിച്ച് അദ്ദേഹം രചിച്ച “ഗുരുപൂര്‍ണ്ണിമ” എന്ന കാവ്യത്തിന്റെ പരിഭാഷ ഇംഗ്ലീഷിലും ഹിന്ദിയിലും ദക്ഷിണ ഭാരതീയ ഭാഷകളിലും പ്രസിദ്ധീകരിക്കുന്ന കാര്യം, ഗുരുവായൂരപ്പനെ കുറിച്ച് ആയിരം ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഒരു പ്രൊജക്റ്റ്, നാവാമുകുന്ദക്ഷേത്രത്തിന് സമീപം ഭാരതീയ സാഹിത്യം, നമ്മുടെ സാംസ്കാരിക മൂല്യങ്ങള്‍ എന്നിവയുടെ ഉല്‍ക്കര്‍ഷത്തിന് വേണ്ടിയുള്ള ഒരു പ്രൊജെക്റ്റ് എന്നിവയായിരുന്നു അന്നത്തെ ചര്‍ച്ചാ വിഷയങ്ങള്‍. ഇനി ആ സ്വപ്നപക്ഷികള്‍ക്ക് സുവര്‍ണ്ണ നെല്‍മണികള്‍ എവിടെ ? നീലാകാശമോ ?
700 ഓളം ചലചിത്ര ഗാനങ്ങള്‍, നിരവധി ഭക്തി ഗാനങ്ങള്‍, അങ്ങിനെ എത്രയോ സമ്പന്നമായ കാവ്യയാത്ര. അതിനിടെ “ശതാഭിഷേകം” എന്ന നാടകം 1993 – 94 കാലത്ത് സൃഷ്ട്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങള്‍ അദ്ദേഹം ആകാശവാണിയിലെ ജോലി ഉപേക്ഷിക്കുന്നതിലാണ് അവസാനിച്ചത്. ലീഡറുടെ ജനാധിപത്യ ബോധം രമേശെട്ടനെ എത്തിച്ചത് ആന്‍ഡമാന്‍ ദ്വീപിലെ ആകാശവാണിയില്‍. തുടർന്ന് രാജി.
തിരുവള്ളുവരുടെ “തിരുക്കുറല്‍” എന്ന മാഹാകാവ്യവും “ചിലപ്പതികാര”വുമെല്ലാം മലയാളി ആസ്വദിച്ചതും പഠിച്ചതും രമേശന്‍ ചേട്ടന്റെ തര്‍ജ്ജമയിലൂടെ ആയിരുന്നു. അതോടെ അദ്ദേഹം തമിഴ്ഹൃദയങ്ങളുടെയും പതിനെട്ടാം പടി കയറി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഏറണാകുളത്തെ പുതുക്കലവട്ടത്തുള്ള ഭവനത്തിലെത്തിയത് “ഗുരുപൂര്‍ണ്ണിമ“യിലൂടെ. അതറിഞ്ഞ ഉടന്‍ എന്‍ബിടി എക്സിക്ക്യൂട്ടീവ് അംഗം ശ്രീ ഈ.എന്‍. നന്ദകുമാറും ഒന്നിച്ചു പൊന്നാട ചാര്‍ത്താന്‍ ചെന്നതെല്ലാം മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ആയിരുന്നു എന്നു വിശ്വസിക്കാനാവുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. പിന്നീട് വരുന്നു സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്.
“അമ്മ”യുടെ വാല്‍സല്ല്യത്തിന്റെ നിറം ചാര്‍ത്തിയ “അമൃതകീര്‍ത്തി പുരസ്ക്കാരം”, ബാലഗോകുലത്തിന്റെ “ജന്മാന്ഷ്ടമി പുരസ്ക്കാരം”, ഈ ലേഖകനും ഉള്‍പ്പെട്ട കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവ സമിതിയുടെ “ബാലാമണി പുരസ്ക്കാരം”, “സഞ്ജയന്‍ പുരസ്ക്കാരം” എന്നിവ അദ്ദേഹത്തിന്റെ തലപ്പാവിന് സപ്തവര്‍ണ്ണ തൂവലുകള്‍ സമ്മാനിച്ച ചില ബഹുമതികള്‍ മാത്രം. ഭക്തകവി എന്ന മേലങ്കി അണിഞ്ഞപ്പോഴും റൊമാന്‍റിക് കവിയുടെ അംഗവസ്ത്രം രമേശെട്ടന്നു നന്നായി ഇണങ്ങി. ഈ രണ്ടു വിഭാഗങ്ങളിലും പെട്ട എത്രയോ ഗാനങ്ങള്‍ ദാസേട്ടനും ജയചന്ദ്രനും അനശ്വരങ്ങളാക്കി!
അദ്ദേഹം കവി ആയിരിക്കുമ്പോള്‍ തന്നെ അനിതരസാധാരണ കഴിവുകളുള്ള സംഘാടകന്‍ കൂടിയായിരുന്നു. ഏറണാകുളത്ത് അദ്ദേഹം സംഘടിപ്പിക്കുന്ന ഏത് പരിപാടിയിലും അത് വ്യക്തമായി കണ്ടു. ഒന്നര പതിറ്റാണ്ടായി കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ നടന്നു വരുന്ന ‘രവീന്ദ്ര സംഗീത’ പരിപാടി രമേശെട്ടന്റെ സംഘടനശേഷിയുടെ തിളങ്ങുന്ന ഉദാഹരണമാണ്. തിരുവനന്തപുരത്ത് നിന്നു ഒരു മാറ്റം അനിവാര്യമായിരുന്ന കാലത്ത് തന്നെ പാവക്കുളത്തപ്പന്റെ സന്നിധിയില്‍ എത്തിച്ച സംഗീത സംവിധാന സാമ്രാട്ട് രവീന്ദ്രന്‍ മാഷുമായി രമേശെട്ടന് ഉണ്ടായിരുന്ന ആത്മീയബന്ധം അറിയാത്തവര്‍ ഇല്ല.
അദ്ദേഹം ഹോസ്പിറ്റലില്‍ ആയിരുന്നു എന്നു അറിഞ്ഞിരുന്നില്ല. എന്റെ ഒരു പുസ്തക പ്രൊജക്ടിനോട് അനുബന്ധിച്ച് ഇന്ന് രാത്രി അദ്ദേഹവുമായി സംസാരിക്കാമെന്നും അടുത്ത ദിവസം അദ്ദേഹത്തെ വീട്ടില്‍ പോയി കാണാമെന്നും ആ പ്രൊജക്ടിന്റെ രക്ഷാധികാരിയായ ശ്രീ ബാബുരാജ് സാറിനോട് ഞാന്‍ പറഞ്ഞിട്ടു മൂന്നു മണിക്കൂര്‍ പോലും ആവുന്നതിന് മുന്പാണ് ദുഖവാര്‍ത്ത എന്നെ തേടി വരുന്നത്.
ദേശീയ വിഷയങ്ങളില്‍, രാജ്യത്തിന്റെ തനിമയുടെ കാര്യങ്ങളില്‍, വെച്ചു പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് രമേശെട്ടനെ സംഘപരിവാറിനോട് അടുപ്പിച്ചത്. അതില്‍ അദ്ദേഹം എന്നും അഭിമാനം പൂണ്ടു. തപസ്യ കലാ-സാഹിത്യ വേദിയുടെ അദ്ധ്യക്ഷനായി കവി പ്രവര്‍ത്തിച്ചപ്പോള്‍ ആ സംഘടനയുടെ മാനങ്ങള്‍ ചക്രവാള സീമകള്‍ക്കപ്പുറം എത്തിയതായി കേരളം കണ്ടു.
രമേശേട്ടനെ കുറിച്ച് ഇനിയും എന്തെല്ലാം എഴുതിയാലും ഒന്നുമാവില്ല.
രമചേച്ചിയേയും മനുവിനെയും സാന്ത്വനിപ്പിക്കാന്‍ എന്റെ വാക്കുകള്‍ മതിയാവില്ല.
ആ കാവ്യചക്രവര്‍ത്തിയുടെ ഓര്‍മ്മക്കു മുന്നില്‍ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍

