ഇടുക്കി; സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇടുക്കി പൂപ്പാറയില്‍ 2021 ജൂണ്‍ 21ന് രാത്രിയിലാണ് സംഭവം. പൂപ്പാറ ഗാന്ധിനഗര്‍ സ്വദേശി സോളമനാണ് തലക്കും കാലിനും വെട്ടേറ്റത്. തലയിലും കാലിലുമായി 16 തുന്നിക്കെട്ടലുകളുണ്ട്. മകന്‍ ജയപ്രകാശിനായി ശാന്തന്‍പാറ പോലീസ് അന്വേഷണം തുടങ്ങി.
ജോലി കഴിഞ്ഞ് കൃഷിത്തോട്ടത്തിലെ ഷെഡില്‍ കിടന്നുറങ്ങുകയായിരുന്നു സോളമന്‍. കതക് ചവിട്ടി പൊളിച്ചെത്തിയ മകന്‍ ജയപ്രകാശ് സോളമനെ മര്‍ദ്ദിക്കുകയും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. സോളമനെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കി.
സ്വത്ത് ആവശ്യപ്പെട്ട് മകന്‍ തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന സോളമന്‍ പറയുന്നു. സംഭവശേഷം ഒളിവില്‍ പോയ ജയപ്രകാശിനായുളള അന്വേഷണത്തിലാണ് പോലീസ്.

